`ഇന്ത്യന്‍ 2 ഉപേക്ഷിച്ചിട്ടില്ല': വെളിപ്പെടുത്തലുമായി ഉദയനിധി സ്റ്റാലിന്‍
Entertainment news
`ഇന്ത്യന്‍ 2 ഉപേക്ഷിച്ചിട്ടില്ല': വെളിപ്പെടുത്തലുമായി ഉദയനിധി സ്റ്റാലിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th June 2022, 11:18 pm

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏക്കാലെത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ശങ്കര്‍-കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന ഇന്ത്യന്‍. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ കമല്‍ഹാസന്‍ എത്തിയ ചിത്രം കൈകാര്യം ചെയ്ത വിഷയം കൊണ്ടും മേക്കിങ് കൊണ്ടും ഏറെ ചര്‍ച്ചയായതാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കുകയും ഷൂട്ടിംഗ് തുടങ്ങുകയും ചെയ്തിരുന്നു.

പക്ഷെ നിരവധി കാരണങ്ങള്‍ കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ് പാതി വഴിയില്‍ നിര്‍ത്തി വെച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയും, ഷൂട്ടിംഗ് സെറ്റില്‍ ക്രയിന്‍ വീണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മരിച്ചതും, നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് നേരിട്ട സാമ്പത്തിക പ്രതിസന്ധിയുമൊക്കെയാണ് ഷൂട്ടിങ് പാതി വഴിയില്‍ മുടങ്ങാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പിന്നീട് കമല്‍ഹാസന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തിന്റെ ഷൂട്ടിംഗിലേക്ക് പോയതും, സംവിധായകന്‍ ശങ്കര്‍ രന്‍വീര്‍ സിംഗിനെ വെച്ച് അന്യന്‍ ഹിന്ദി റീമേക്ക് ചെയ്യാന്‍ പോയതും ഇന്ത്യന്‍ 2 ഷൂട്ടിങ് പുനരാരംഭിക്കാന്‍ തടസമായി. ചിത്രം ഉപേക്ഷിച്ചു എന്ന് വരെ ഒരുവേള ആരാധകര്‍ കരുതി.

എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ല എന്നും ഉടന്‍ തന്നെ ഷൂട്ടിംഗ് പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നുമാണ് ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ശിവ കാര്‍ത്തികേയന്‍ നായകനായ ഡോണ്‍ സിനിമയുടെ വിജയാഘോഷ പരിപാടിക്കിടെയാണ് ഉദയനിധി സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ് കമല്‍ ഇന്റര്‍നാഷണല്‍ നിര്‍മിച്ച വിക്രമില്‍ ഉദയനിദി സ്റ്റാലിന്‍ സഹനിര്‍മാതാവ് ആയിരുന്നു.

200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ഇന്ത്യന്‍ 2ല്‍ കാജല്‍ അഗര്‍വാളാണ് നായിക. രാകുല്‍ പ്രീത് സിംഗ്, സിദ്ധാര്‍ത്ഥ്, ഭവാനി ശങ്കര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അഭിഷേക് ബച്ചന്‍ ചിത്രത്തില്‍ വില്ലനായെത്തും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നെഞ്ചുക്കു നീതിയാണ് ഉദയനിധി സ്റ്റാലിന്റെ അവസാനമായി പുറത്ത് വന്ന ചിത്രം.

Content Highlight : Udayanidhi Stalin says that Kamal Hasan starring Indian 2 restart the filiming soon