പ്രഡേറ്ററിനെക്കാളും നല്ല പടമാണെന്ന് പറഞ്ഞ് തള്ളി വിട്ടതാണ്, പാവം പിടിച്ച ഏലിയനെ കണ്ടാല്‍ പോപ്പ്‌കോണ്‍ കൊടുക്കാന്‍ തോന്നും; പരിഹാസവുമായി ഉദയനിധി
Film News
പ്രഡേറ്ററിനെക്കാളും നല്ല പടമാണെന്ന് പറഞ്ഞ് തള്ളി വിട്ടതാണ്, പാവം പിടിച്ച ഏലിയനെ കണ്ടാല്‍ പോപ്പ്‌കോണ്‍ കൊടുക്കാന്‍ തോന്നും; പരിഹാസവുമായി ഉദയനിധി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th November 2022, 10:47 pm

സ്വന്തം ചിത്രത്തെ പറ്റി അഭിപ്രായം ചോദിച്ച ആര്യയെ നിര്‍ത്തിപ്പൊരിച്ച് നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍. താരത്തിന്റെ പുതിയ ചിത്രമായ കലഗ തലൈവന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമാ വികടന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഭവം.

അഭിമുഖത്തിനിടക്ക് വീഡിയോ കോളില്‍ എത്തിയ ആര്യ താന്‍ ചെയ്ത സിനിമകളില്‍ നിനക്ക് ചെയ്യണമെന്ന് തോന്നിയ ഒരു സിനിമ ഏതാണ്, അതിന്റെ കാരണമെന്താണെന്നാണ് ചോദിച്ചത്.

ചോദ്യത്തിന് ഉത്തരമായി ക്യാപ്റ്റന്‍ എന്നാണ് ഉദയനിധി പറയുന്നത്. സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ അവതാരകനും കൂടിയിരുന്ന പ്രേക്ഷകരും ചിരി തുടങ്ങിയിരുന്നു.

‘അവന്‍ തന്നെ അഭിനയിച്ച സിനിമയാണ്. ഭയങ്കര ബില്‍ഡ് അപ്പ് കൊടുത്ത്, പ്രഡേറ്ററിനെക്കാളും നല്ല പടമാണെന്ന് പറഞ്ഞ് എന്നെ തിയേറ്ററിലേക്ക് തള്ളിവിട്ടു. അതിന്റെ സംവിധായകന്റെ ടെഡി, നായ്ക്കള്‍ ജാഗ്രതൈ എന്നിവ നല്ല സിനിമകളായിരുന്നു, ഈ പടമൊഴിച്ച്.

സേലത്തിലെ ഷോയ്ക്ക് സംവിധായകന്‍ മാരി സെല്‍വരാഘവന്‍ സാറിനേയും കൊണ്ടുപോയി. എന്തൊരു പടമാണിത്. പടം തീര്‍ന്ന് കഴിഞ്ഞ് ഫോണ്‍ വിളിക്കണമെന്ന് ആര്യ പറഞ്ഞിരുന്നു. സിനിമ തീര്‍ന്നിട്ട് ഞാനും വിളിച്ചില്ല, അവനും വിളിച്ചില്ല.

കഴിഞ്ഞ ദിവസം ആര്യയെ കണ്ടിരുന്നു. എടാ, നിനക്ക് കുറച്ചെങ്കിലും മനസാക്ഷി ഉണ്ടോ, പ്രഡേറ്റര്‍ തന്നെ മാറ്റി എടുത്തുവെച്ചാലും കുഴപ്പമില്ലായിരുന്നു, ഇത് എന്തൊക്കെയാ കാണിച്ചുവെച്ചിരിക്കുന്നതെന്ന് ചോദിച്ചു.

സിനിമയിലെ ഏലിയനെ കണ്ടാല്‍ തന്നെ പാവം തോന്നും. സാധാരണ തിയേറ്ററില്‍ പോയാല്‍ നമ്മള്‍ പോപ്പ്‌കോണ്‍ വാങ്ങി കഴിക്കും. ക്യാപ്റ്റന്‍ കണ്ട് കഴിക്കുകയാണെങ്കില്‍ നായ്ക്കുട്ടി പോലെയിരിക്കുന്ന ഏലിയന് ഇട്ടുകൊടുക്കാന്‍ തോന്നും,’ ഉദയനിധി പറയുന്നത് കേട്ട് അവതാരകനും പ്രേക്ഷകരും പൊട്ടിച്ചിരിക്കുകയായിരുന്നു. ചിരി അടക്കാന്‍ കഷ്ടപ്പെട്ടായിരുന്നു ചിത്രം കണ്ട അനുഭവം ഉദയനിധിയും പങ്കുവെച്ചത്.

സെപ്റ്റംബര്‍ എട്ടിന് തിയേറ്ററുകളിലെത്തിയ ക്യാപ്റ്റന് വലിയ വിമര്‍ശനമാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിച്ചത്.

Content Highlight: udayanidhi stalin roasting arya’s captain movie