30 സെക്കന്റില്‍ നഷ്ടമായത് ഒന്നാം സ്ഥാനം; സൂപ്പര്‍നേട്ടത്തില്‍ സലയ്ക്ക് പിന്നില്‍ എംബാപ്പെ
Football
30 സെക്കന്റില്‍ നഷ്ടമായത് ഒന്നാം സ്ഥാനം; സൂപ്പര്‍നേട്ടത്തില്‍ സലയ്ക്ക് പിന്നില്‍ എംബാപ്പെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th November 2025, 1:12 pm

യുവേഫ ചാമ്പ്യന്‍ഷിപ്പ് ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒളിമ്പിക്കോസിനെയാണ് ടീം തോല്‍പ്പിച്ചത്. മൂന്നിനെതിരെ നാല് ഗോളിനാണ് ലോസ് ബ്ലാങ്കോസിന്റെ വിജയം.

ഒമ്പത് ഗോളുകള്‍ പിറന്ന ത്രില്ലറില്‍ റയലിനായി നാല് ഗോളും നേടിയത് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ്. 22, 24, 29, 60 മിനുട്ടുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഈ മത്സരത്തില്‍ ഹാട്രിക്ക് നേടിയതോടെ ഒരു സൂപ്പര്‍ നേട്ടത്തിലുമെത്തി.

ഒന്നാം പകുതിയിലായിരുന്നു എംബാപ്പെയുടെ ഹാട്രിക്ക്. ഇതിനായി താരം എടുത്തതാകട്ടെ വെറും ആറ് മിനിറ്റ് 42 സെക്കന്റ് മാത്രമാണ്. അതോടെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ഹാട്രിക്ക് കുറിക്കാനാണ് ഫ്രഞ്ച് താരത്തിന് സാധിച്ചത്. വെറും 30 സെക്കന്റിന്റെ വ്യത്യാസത്തിലാണ് 26കാരന് ഒന്നാം സ്ഥാനം നഷ്ടമായത്.

ടൂര്‍ണമെന്റിലെ ഏറ്റവും വേഗമേറിയ ഹാട്രിക്ക് ലിവര്‍പൂളിന്റെ ഇറ്റാലിയന്‍ താരം മുഹമ്മദ് സലയുടെ പേരിലാണ്. ആറ് മിനിട്ട് 12 സെക്കന്റ് കൊണ്ടായിരുന്നു താരം ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. 2022 ഒക്ടോബറില്‍ റെയ്ഞ്ചേഴ്‌സിന് എതിരെ നടന്ന മത്സരത്തിലായിരുന്നു ലിവര്‍പൂള്‍ താരത്തിന്റെ നേട്ടം.

അതേസമയം, മത്സരത്തില്‍ ഉഗ്രന്‍ തിരിച്ച് വരവ് നടത്തിയാണ് റയല്‍ വിജയം പിടിച്ചെടുത്തത്. ആദ്യ വിസില്‍ മുഴങ്ങി എട്ടാം മിനിട്ടില്‍ ഒളിമ്പിക്കോസ് ഗോളടിച്ച് സ്പാനിഷ് ടീമിനെ ഞെട്ടിച്ചു. ചിക്വിന്‍ഹോയാണ് പന്ത് വലയിലെത്തിച്ചത്.

എന്നാല്‍, അതില്‍ പതറാതെ മുന്നേറിയ റയല്‍ എംബാപ്പെയുടെ ഹാട്രിക്കോടെ ഒന്നാം പകുതിയില്‍ തന്നെ അവര്‍ക്ക് മറുപടി നല്‍കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഒളിമ്പിക്കോസ് വീണ്ടും ഗോള്‍ കൂടി അടിച്ചു. 52ാം മിനിട്ടില്‍ മെഹ്ദി തരേമിയാണ് ഗോള്‍ കണ്ടെത്തിയത്.

ഏറെ വൈകാതെ എംബാപ്പെ തന്റെ നാലാം ഗോളും നേടി റയലിന്റെ ഗോളിന്റെ പട്ടിക പൂര്‍ത്തിയാക്കി. പിന്നാലെ, ഒളിമ്പിക്കോസിനായി അയൂബ് എല്‍ കാബി മറ്റൊരു പന്ത് റയലിന്റെ വലയിലെത്തിച്ചു. 81ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. എന്നാല്‍, ഈ ഗോളും ടീമിനെ വിജയത്തിലേക്കെത്തിച്ചില്ല.

 

Content Highlight: UCL: Kylian Mbappe registers second fastest hat – trick in UEFA Champions League while first place hold by Mohammed Salah