ഊബര്‍ ഈറ്റ്‌സില്‍ ഇനി നിങ്ങള്‍ക്ക് ഫുഡ് ഓര്‍ഡര്‍ ചെയ്യാനാവില്ല; ഇനി സൊമാറ്റോ
Business
ഊബര്‍ ഈറ്റ്‌സില്‍ ഇനി നിങ്ങള്‍ക്ക് ഫുഡ് ഓര്‍ഡര്‍ ചെയ്യാനാവില്ല; ഇനി സൊമാറ്റോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st January 2020, 9:00 am

അന്താരാഷ്ട്ര കമ്പനിയായ ഊബറിന്റെ ഫുഡ് ഡെലിവറി സംവിധാനമായ ഊബര്‍ ഈറ്റ്‌സ് മറ്റൊരു പ്രധാന ഫുഡ് ഡെലിവറി സംവിധാനമായ സൊമാറ്റോക്ക് വിറ്റു. ഇന്ത്യയിലെ ഊബര്‍ ഈറ്റസ് സംവിധാനമാണ് വില്‍പ്പന നടത്തിയത്. ബംഗ്ലാദേശിലെയും ശ്രീലങ്കയിലെയും ഊബര്‍ ഈറ്റസ് സംവിധാനം തുടരും. ഇന്ന് രാവിലെ 3 മണിയോടെയാണ് വില്‍പ്പന കരാറില്‍ ഒപ്പിട്ടത്. രാവിലെ 7 മണി മുതല്‍ ഊബര്‍ ഈറ്റസ് ഉപഭോക്താക്കളുടെ വിവരങ്ങളെല്ലാം സൊമാറ്റോക്ക് കൈമാറും.

 

2017ലാണ് ഇന്ത്യയില്‍ ഊബര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 41 നഗരങ്ങളിലാണ് ഊബകര്‍ ഈറ്റസ് പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ ഊബര്‍ ആപ് ഉപയോഗിച്ചിരുന്ന ഉപഭോക്താക്കളുടെ മുഴുവന്‍ വിവരങ്ങളും സൊമാറ്റോക്ക് ലഭിക്കും.

പ്രമുഖ വ്യവസായി ജാക്ക് മായുടെ ആന്റ് ഫിനാന്‍ഷ്യല്‍ വലിയ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപമാണ് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊമാറ്റോ. സൊമാറ്റോയില്‍ നിക്ഷേപം നടത്താനും ഊബറിന് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 150 മില്യണ്‍ ഡോളര്‍ മുതല്‍ 200 മില്യണ്‍ വരെയാണ് ഊബര്‍ നിക്ഷേപിക്കാന്‍ സാധ്യത.