യു.എ.പി.എ ബില്‍ ലോക്‌സഭ പാസാക്കി; എതിര്‍ത്ത് വോട്ടു ചെയ്തത് എട്ടുപേര്‍ മാത്രം
India
യു.എ.പി.എ ബില്‍ ലോക്‌സഭ പാസാക്കി; എതിര്‍ത്ത് വോട്ടു ചെയ്തത് എട്ടുപേര്‍ മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th July 2019, 4:03 pm

 

ന്യൂദല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ യു.എ.പി.എ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. എട്ടുപേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു രേഖപ്പെടുത്തിയത്. എട്ടിനെതിരെ 284 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്.

ബില്‍ സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനയില്‍ വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാര്‍ ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോയെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള സഭയിലുള്ളവരോട് വോട്ടു രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

കോണ്‍ഗ്രസിനു പുറമേ ഇടതുപക്ഷവും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

സംഘടനകള്‍ക്കു പുറമേ വ്യക്തികളെയും ഭീകരതയുടെ പേരില്‍ കരിമ്പട്ടികയില്‍പ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയ്ക്കും സര്‍ക്കാറിനും വിപുലമായ അധികാരം നല്‍കുന്നതാണ് നിയമഭേദഗതി ബില്‍.

ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്റെ സഹായമോ ഇടപെടലോ കൂടാതെ തന്നെ എന്‍.ഐ.എയ്ക്ക് കണ്ടുകെട്ടാം. ഭീകരത കേസുകളില്‍ അന്വേഷണ അധികാരം ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ളുവര്‍ക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ക്കു വിട്ടുകൊടുക്കുന്നതുകൂടിയാണ് നിയമഭേദഗതി ബില്‍.