എ.സി.സി വിമന്‍സ് ടി-20 പ്രിമീയര്‍ കപ്പില്‍ വമ്പന്‍ വിജയം സ്വന്തമാക്കി യു.എ.ഇ വനിത ടീം. സൗദി അറേബ്യയെ വെറും അഞ്ച് പന്തുകളില്‍ വീഴ്ത്തിയാണ് യു.എ.ഇ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.

മലേഷ്യയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ചെയ്ത സൗദി അറേബ്യ 15.3 ഓവറില്‍ വെറും 27 റണ്‍സിനാണ് പുറത്തായത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എ.ഇ വെറും അഞ്ച് പന്തിലാണ് ലക്ഷ്യം മാറികടന്നത്. വനിത ടി-20യിലെ ഏറ്റവും വേഗത്തിലുള്ള അഞ്ചാമത്തെ ചെയ്സിങ്ങാണിത്.

വിമണ്‍സ് ടി-20യിലെ ഏറ്റവും വേഗതയേറിയ ചെയ്സിങ്ങുകള്‍ നടത്തിയ ടീം, എതിരാളി, പന്ത്, റണ്‍സ്

റുവാണ്ട-മാലി-5 പന്തില്‍ 7 റണ്‍സ്

ടാന്‍സാനിയ-മാലി-4 പന്തില്‍ 12 റണ്‍സ്

തായ്‌ലാന്‍ഡ്-ഫിലിപ്പൈന്‍സ്-4 പന്തില്‍ 10 റണ്‍സ്

നേപ്പാള്‍-മാലിദ്വീപ്-5 പന്തില്‍ 17 റണ്‍സ്

യു.എ.ഇ-സൗദി അറേബ്യ-5 പന്തില്‍ 28 റണ്‍സ്

അതേസമയം മത്സരത്തില്‍ യു.എ.ഇ ബൗളിങ്ങില്‍ മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഇഷാ ഒസയുടെ നേതൃത്വത്തിലുള്ള ബൗളിങ് നിരയാണ്. ഒസ, സുരക്ഷ ഘോട്ടെ, ഹീന ഹോട്ചാന്ദ്‌നി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി മികച്ചു നിന്നപ്പോള്‍ സൗദി അറേബ്യയുടെ ഇന്നിങ്സ് കുറഞ്ഞ ടോട്ടലില്‍ അവസാനിച്ചു. കാറ്റി തോംസണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ഒമ്പത് റണ്‍സ് നേടിയ ക്യാപ്റ്റന്‍ മഷേല്‍ വഖാസാണ് സൗദി നിരയിലെ ടോപ് സ്‌കോറര്‍. അഞ്ച് താരങ്ങളാണ് പൂജ്യത്തിന് മടങ്ങിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന യു.എ.ഇ ആദ്യ ഓവറില്‍ തന്നെ കളി അവസാനിപ്പിച്ചു. അഞ്ച് പന്തില്‍ 15 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഒസയാണ് വിജയശില്പി.

രണ്ട് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. തീര്‍ത്ത സതീഷ് ആദ്യ പന്തില്‍ തന്നെ ഫോര്‍ നേടി തിളങ്ങുകയും ചെയ്തു. ആദ്യ ഓവര്‍ എറിഞ്ഞ മഹ്നൂര്‍ അമീര്‍ 11 റണ്‍സ് എക്‌സ്ട്രാസ് വിട്ടുനല്‍കിയതും യു.എ.ഇയുടെ വിജയം എളുപ്പമാക്കി.

 

Content Highlight: UAE Womens cricket team register record victory against Saudi Arabia