വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും സംഘര്‍ഷം; ഇറാനില്‍ സ്‌ഫോടനം; ഗള്‍ഫ് രാജ്യങ്ങളില്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണം
World
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും സംഘര്‍ഷം; ഇറാനില്‍ സ്‌ഫോടനം; ഗള്‍ഫ് രാജ്യങ്ങളില്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th April 2026, 5:01 pm

മനാമ: അമേരിക്കയും ഇറാനും തമ്മില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ ഗള്‍ഫ് മേഖലയില്‍ വീണ്ടും സ്‌ഫോടനം.

യു.എ.ഇ, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് നേരെയാണ് ഇന്ന് രാവിലെ ആക്രമണങ്ങള്‍ ഉണ്ടായത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകമാണ് ഇത്.

ഇറാനില്‍ നിന്നുള്ള ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞുവെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളുടെ ആരോപണങ്ങളോട് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഇറാന്റെ സ്വന്തം പ്രദേശമായ ലാവാന്‍ ദ്വീപിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയും ആക്രമണമുണ്ടായതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെയുണ്ടായ തീ അണയ്ക്കാന്‍ അഗ്‌നിശമന സേന പരിശ്രമിക്കുകയാണെന്നും ആര്‍ക്കും പരിക്കില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.

യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യോമ പ്രതിരോധ സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വലിയ അപകടങ്ങള്‍ ഒഴിവായതെന്നും ഇറാനില്‍ നിന്നുള്ള കൂടുതല്‍ ഡ്രോണുകളെ പ്രതിരോധിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റിലെ തന്ത്രപ്രധാനമായ എണ്ണ സൗകര്യങ്ങള്‍, പവര്‍ സ്റ്റേഷനുകള്‍, ജലശുദ്ധീകരണ പ്ലാന്റുകള്‍ എന്നിവ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണുകള്‍ അയച്ചതായി കുവൈറ്റ് സൈന്യം സ്ഥിരീകരിച്ചു. രാവിലെ 8 മണി മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ ഏകദേശം 28 ഡ്രോണുകളെ വ്യോമ പ്രതിരോധ സേന നേരിട്ടു. എങ്കിലും ചില ഡ്രോണുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ പതിച്ചതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ തെക്കന്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ബുധനാഴ്ച പുലര്‍ച്ചെ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. സിത്ര മേഖലയില്‍ ഇറാനിയന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതിനെത്തുടര്‍ന്ന് അതിന്റെ അവശിഷ്ടങ്ങള്‍ വീണ് രണ്ട് ബഹ്റൈന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റു.

നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സിത്ര ദ്വീപിലെ ഊര്‍ജ്ജ കേന്ദ്രത്തിന് സമീപം വലിയ തോതില്‍ പുക ഉയരുന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെത്തുടര്‍ന്നുണ്ടായ തീപിടുത്തം നിയന്ത്രിക്കാന്‍ സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ക്ക് കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക് ഷിപ്പിങ്ങിനായി വീണ്ടും തുറക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഉണ്ടായ ഈ ആക്രമണങ്ങളോടെ നിലവിലെ കരാറും ചോദ്യചിഹ്നമായിരിക്കുകയാണ്.

Content Highlight: UAE, Kuwait, Bahrain report attacks despite Iran-US ceasefire