സൈബര്‍ വെല്ലുവിളി; യു.എ.ഇയും ഇസ്രഈലും സംയുക്ത ചര്‍ച്ച നടത്തി
World News
സൈബര്‍ വെല്ലുവിളി; യു.എ.ഇയും ഇസ്രഈലും സംയുക്ത ചര്‍ച്ച നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th September 2020, 7:28 pm

തെല്‍ അവിവ്: സൈബര്‍ മേഖലയില്‍ നേരിടുന്ന ഭീഷണികള്‍ സംബന്ധിച്ച് ഇസ്രഈലും യു.എ.ഇയും തമ്മില്‍ സംയുക്ത ചര്‍ച്ച നടന്നു. ഇസ്രഈല്‍ ദേശീയ സൈബര്‍ ഡയറക്ടറേറ്റ് ഇഗല്‍ ഉന്ന, യു.എ.ഇ സൈബര്‍ ചീഫ് മുഹമ്മദ് അല്‍ കുവൈറ്റ് എന്നിവരുള്‍പ്പെടയാണ് സംയുക്ത
ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.

‘ഞങ്ങള്‍ ഒരേ വെല്ലുവിളിയാണ് നേരിടുന്നത്. മേഖലയുടെ സ്വഭാവം, ഞങ്ങളുടെ പുതിയ മഹത്തായ ബന്ധം, ഞങ്ങള്‍ സാമ്പത്തികമായും സാങ്കേതികമായും ശക്തരാണ് എന്നിവ ഇതിന് കാരണമാണ്,’ ഇസ്രഈല്‍ സൈബര്‍ വിഭാഗ തലവന്‍ പറഞ്ഞതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.എ.ഇ ഡിജിറ്റല്‍ മേഖല വികസിപ്പിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ അട്ടിമറിയുടെ അപകട സാധ്യതയെക്കുറിച്ച് യു.എ.ഇ ഡിജിറ്റല്‍ ചീഫ് കോണ്‍ഫറന്‍സില്‍ സംസാരിച്ചു.

‘ സാങ്കേതിക മേഖലയില്‍ ഇസ്രഈല്‍ വളരെ പ്രസിദ്ധമാണ്. അത് ശരിക്കും സഹായിക്കും,’ മുഹമ്മദ് അല്‍ കുവൈറ്റ് പറഞ്ഞു. അതേ സമയം തങ്ങള്‍ ഭീഷണി നേരിടുന്ന രാജ്യങ്ങളെക്കുറിച്ച് ഇരു വിഭാഗവും പേരെടുത്ത പരാമര്‍ശിച്ചിട്ടില്ല.

സെപ്റ്റംബര്‍ 15 ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയിലാണ് വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ വെച്ച് യു.എ.ഇയും ബഹ്റൈനും ഇസ്രഈലുമായി ചേര്‍ന്ന് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ് ബിന്‍ സയിദ് അല്‍നഹ്യാനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സയ്യിദ് അലി നഹ്യാനും ബഹ്റൈന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുള്‍ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഉടമ്പടിയില്‍ ഒപ്പുവെക്കുകയായിരുന്നു. ഇസ്രഈലുമായുള്ള സമാധാന ഉടമ്പടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫലസ്തീന്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ