യെമന്‍ സംഘര്‍ഷത്തില്‍ നിഷ്പക്ഷത പാലിക്കാന്‍ തീരുമാനിച്ച പാകിസ്ഥാന്‍ നടപടിയെ യു.എ.ഇ രൂക്ഷമായി വിമര്‍ശിച്ചു. യെമനിലെ ഹൂതി വിമതര്‍ക്കെതിരായ പോരട്ടത്തില്‍ പങ്ക് ചേരുന്നതിന് സൗദി പാകിസ്ഥാനെ ക്ഷണിച്ചിരുന്നു. ഇത് നിരസിച്ചതിനെത്തുടര്‍ന്നാണ് യു.എ.ഇയുടെ വിമര്‍ശനം.
യെമന്‍ സംഘര്‍ഷത്തില്‍ അസ്തിത്വപരമായ ഒരേറ്റുമുട്ടല്‍ നടക്കുന്ന സമയത്ത് ഗള്‍ഫ് രാജ്യങ്ങളെ തഴഞ്ഞ് പാകിസ്ഥാന്‍ ഇറാനെ തെരഞ്ഞെടുത്തെന്ന് യു.എ.ഇ വിദേശശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ഇതിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിക്കുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങളെക്കാളും കൂടുതല്‍ പ്രാധാന്യം ടെഹ്‌റാനാണ് പാകിസ്ഥാനും തുര്‍ക്കിയും നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഞങ്ങളുടെ സാമ്പത്തികവും നിക്ഷേപവും അനിവാര്യമാണ്, എന്നല്‍ നിര്‍ണായക സമയത്ത് രാഷ്ട്രീയ പിന്തുണ നഷ്ടപ്പെടുന്നു.” അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫിന്റെ സാമ്പത്തും നിക്ഷേപവും ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗദിയുടെ അഭ്യര്‍ത്ഥന തള്ളികൊണ്ട് സംഘര്‍ഷത്തില്‍ നിഷ്പക്ഷത പാലിക്കാനുള്ള പാകിസ്ഥാന്‍ തീരുമാനം നിഷേധാത്മകവും ആപല്‍ക്കരവും അപ്രതീക്ഷിതവുമാണെന്ന് ഗാര്‍ഗഷിന്റെ ട്വീറ്റില്‍ പറയുന്നു.
യമനിലെ ഹൂതി വിമതര്‍ക്കെതിരെ സൗദി നടത്തുന്ന ആക്രമണങ്ങളെ പിന്തുണയ്‌ക്കേണ്ടെന്ന തീരുമാനമാണ് പാകിസ്ഥാന്‍ പാര്‍ലമെന്റ് വോട്ടിങ്ങിലൂടെ പാസാക്കിയിരുന്നത്. ഗള്‍ഫ് മേഖലയ്ക്ക് പുറത്തുനിന്നുള്ള ശക്തമായ പിന്തുണ പ്രതീക്ഷിച്ച സൗദിക്ക് വലിയ തിരിച്ചടിയായിരുന്നു ഈ നീക്കം.
സുന്നി ഭൂരിപക്ഷമുള്ള പാകിസ്ഥാനോട് യെമനെതിരെയുള്ള യുദ്ധത്തില്‍ പങ്കാളികളാവാനും കപ്പലുകളും വ്യോമയാനങ്ങളും സൈന്യവും നല്‍കി സഹായിക്കാനും സൗദി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യെമനെതിരെ സൈനിക സഹായം നല്‍കുന്നത് പാക് പാര്‍ലമെന്റ് എതിര്‍ത്തു. അതേസമയം സൗദിക്ക് അസന്ദിഗ്ധമായ പിന്തുണ നല്‍കുമെന്നും പാര്‍ലമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
