'ക്യൂബയില്‍ ബൈഡനു തിരുത്തില്ലേ'? ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്നും വിമര്‍ശനം ഉയരുന്നു; ഉപരോധത്തിലൂടെ ഇനിയും വലയ്ക്കരുതെന്ന് ആവശ്യം
World News
'ക്യൂബയില്‍ ബൈഡനു തിരുത്തില്ലേ'? ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്നും വിമര്‍ശനം ഉയരുന്നു; ഉപരോധത്തിലൂടെ ഇനിയും വലയ്ക്കരുതെന്ന് ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th March 2021, 9:07 am

 

വാഷിംഗ്ടണ്‍: ക്യൂബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍പ്പെടുത്തിയതും ഉപരോധങ്ങളിലൂടെ ആ രാജ്യത്തെ വലയ്ക്കുന്നതുമായ ട്രംപ് ഭരണകൂടത്തിന്റെ നടപടി പിന്‍വലിക്കാത്തതില്‍ ബൈഡനെതിരെ വിമര്‍ശനവുമായി ഡെമോക്രാറ്റുകള്‍.

യു.എസ് ജനപ്രതിനിധി സഭയിലെ അംഗങ്ങളുള്‍പ്പെടെ 80 ഡെമോക്രാറ്റുകളാണ് ബൈഡനോട് ഡൊണാള്‍ഡ് ട്രംപ് ക്യൂബയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ക്രൂരമായ ഉപരോധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ബൈഡന് കത്തെഴുതിയായിരുന്നു ഇവര്‍ ക്യൂബയ്ക്ക് വേണ്ടി സംസാരിച്ചത്. നടപടി ഇനിയും വൈകിപ്പിച്ചുകൂടെന്നും കത്തില്‍ ഡെമോക്രാറ്റുകള്‍ പറയുന്നു.

”  കഷ്ടപ്പെടുന്ന ക്യൂബന്‍ കുടുംബങ്ങള്‍ക്ക് നിങ്ങളുടെ ഒരു ഒപ്പുകൊണ്ട് കുറച്ചുകൂടി ക്രിയാത്മകമായ രീതിയില്‍ ജീവിക്കാന്‍ കഴിയും,” കത്തില്‍ ഡെമോക്രാറ്റുകള്‍ എഴുതി. യു.എസ് ജനപ്രതിനിധി സഭയിലെ ബോബി റഷ്, ഗുവേന്‍ മൂര്‍, ബാര്‍ബറ ലീ, സ്റ്റീവ് കോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കത്ത് എഴുതിയത്.

ട്രംപിന്റെ നയങ്ങള്‍ തിരുത്തുമെന്ന് പറഞ്ഞ ബൈഡന്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ക്യൂബയെ ഭീകരവാദ രാഷ്ട്രമാക്കി പ്രഖ്യാപിച്ച തീരുമാനം ഇതുവരെ പിന്‍വലിച്ചിട്ടില്ല. കച്ചവടത്തിനുള്‍പ്പെടെ ക്യൂബയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന അമേരിക്കന്‍ നടപടി ദശകങ്ങളായി ക്യൂബയെ വലക്കുന്നതാണ്. ട്രംപിന്റെ കാലത്ത് ക്യൂബയ്ക്ക് മേലുള്ള ഉപരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 200 ഓളം പുതിയ പദ്ധതികളും കൊണ്ടു വന്നിരുന്നു.

ക്യൂബയെ ഭീകരവാദ രാഷ്ട്രമാക്കി വീണ്ടും പ്രഖ്യാപിച്ചതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വീണ്ടും വഷളാക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് ക്യൂബന്‍ വിദേശകാര്യമന്ത്രി അനയാന്‍സി റോഡ്രിഗസ് പറഞ്ഞിരുന്നു.

അമേരിക്കയുടെ ഉപരോധ നടപടികളുടെ ഭാഗമായി ക്യൂബയില്‍ ഏകദേശം 3478 മരണങ്ങളാണ് നടന്നത്. 2099 പേരെ അംഗവൈകല്യമുള്ളവരുമാക്കിയെന്ന് ക്യൂബന്‍ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് ക്യൂബയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി അമേരിക്ക വീണ്ടും പ്രഖ്യാപിച്ചത്.
തീവ്രവാദ സംഘടനകള്‍ക്ക് ക്യൂബ സഹായം നല്‍കുന്നു എന്നാരോപിച്ചായിരുന്നു നടപടി. അധികാരം ഒഴിയാന്‍ ഒമ്പത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ട്രംപ് ഭരണകൂടം ക്യൂബയ്ക്ക് മേല്‍ പ്രതികാര നടപടി സ്വീകരിച്ചത്. ഈ നടപടി ക്യൂബയ്ക്ക് ശക്തമായ താക്കീതാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു.

തീവ്രവാദത്തിന്റെ സ്പോണ്‍സറാണ് ക്യൂബ എന്നാണ് ട്രംപ് ഭരണകൂടം ആരോപിച്ചിരുന്നത്. സിറിയ, ഇറാന്‍ നോര്‍ത്ത് കൊറിയ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ക്യൂബ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണവും ട്രംപ് ഭരണകൂടം ഉന്നയിച്ചിരുന്നു.

1982ലാണ് അമേരിക്ക ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഇടത് ഗ്രൂപ്പുകളെ ഫിദല്‍ കാസ്ട്രോ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ചായിരുന്നു നടപടി.

എന്നാല്‍ 2015ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ക്യൂബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: U.S. House Democrats urge Biden to revert to Obama-era Cuba Sanctions