മെക്‌സിക്കൻ തക്കാളിക്ക് 17 ശതമാനം തീരുവ ഏർപ്പെടുത്തി യു.എസ് ഗവൺമെന്റ്
India
മെക്‌സിക്കൻ തക്കാളിക്ക് 17 ശതമാനം തീരുവ ഏർപ്പെടുത്തി യു.എസ് ഗവൺമെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th July 2025, 11:17 am

വാഷിങ്ടൺ: മെക്‌സിക്കോയിൽ നിന്നുള്ള തക്കാളികൾക്ക് 17ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ച് യു.എസ് ഗവൺമെന്റ്.

അമേരിക്കയിൽ നിന്നുള്ള തക്കാളി കർഷകരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നീക്കമെന്നാണ് വിശദീകരണം. താരിഫ് ഒഴിവാക്കുന്നതിനായി മെക്‌സിക്കൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് യു. എസിൻ്റെ പുതിയ നീക്കം.

രണ്ട് പതിറ്റാണ്ട് മുമ്പ് 30 ശതമാനമായിരുന്നു മെക്‌സിക്കോ തക്കാളിയുടെ തീരുവ. നിലവിലത് 70 ശതമാനമാണ്.

തിങ്കളാഴ്ച മുതൽ തീരുവ പ്രാബല്യത്തിൽ വന്നു. പുതിയ തീരുവ അമേരിക്കൻ കർഷകർക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെങ്കിലും യു. എസിൽ തക്കാളി വില ഉയർന്നേക്കാം.

അമേരിക്കൻ കാർഷിക മേഖലയെ പിന്തുണക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഇതിനെ പിന്തുണക്കുന്നവർ അവകാശപ്പെടുന്നത്.

‘അമേരിക്കയിൽ നിന്നുള്ള തക്കാളി കർഷകർക്കും അമേരിക്കൻ കൃഷിക്കുമുള്ള വിജയമാണ് ഈ തീരുമാനം’ ഫ്‌ലോറിഡയിലെ തക്കാളി എക്‌സ്‌ചേഞ്ചിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റോബർട്ട് ഗുന്തർ പ്രതികരിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സസ്‌പെൻഷൻ കരാറിന്റെ അവസാനത്തിലാണ് ഈ തീരുമാനം. കർശനമായ നിയമങ്ങളും മറ്റ് വ്യവസ്ഥകളും ഉൾപ്പെടുത്തി മെക്‌സിക്കോ തക്കാളി യു. എസിലേക്ക് കയറ്റുമതി ചെയ്യാൻ അനുവാദം നൽകി. ഇത് കുറഞ്ഞ വിലക്ക് സാധനങ്ങൾ വിൽക്കുന്നത് ഒഴിവാക്കാൻ സഹായിച്ചു.

മെക്‌സിക്കയിൽ നിന്നുള്ള അധിക ഇറക്കുമതിയിൽ മത്സരിക്കാൻ കഴിയില്ലെന്നുള്ള പരാതികളെ കണക്കിലെടുത്താണ് കരാർ റദ്ദാക്കുന്നതെന്ന് യു.എസ് വാണിജ്യവകുപ്പ് അറിയിച്ചു.

‘മെക്‌സിക്കോ ഏറ്റവും വലിയ സഖ്യകക്ഷികളിലൊന്നാണ്. പക്ഷെ, തക്കാളി പോലുള്ള ഉത്പന്നങ്ങളുടെ വില കുറക്കുന്ന വ്യാപാര രീതികൾ കാരണം കർഷകർ തകർച്ചയുടെ വക്കിലാണ്. അത് അവസാനിക്കുകയാണ്’ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് പറഞ്ഞു.

എന്നിരുന്നാലും വില വർധിപ്പിച്ച് വൈവിധ്യം കുറയ്ക്കുന്നതിലൂടെ നികുതി ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുമെന്ന് വിമർശകർ പറഞ്ഞു.

Content Highlight: U.S government imposes 17 % tariff on Mexican tomatoes