ബ്യൂണസ് അയേഴ്‌സ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ ചൈന നടത്തുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളിലും വര്‍ദ്ധിച്ചുവരുന്ന ഇടപെടലുകളിലും ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക.
ബ്യൂണസ് അയേഴ്‌സിലെ യു.എസ് അംബാസഡറുടെ വസതിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍, യു.എസ് സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറി തോമസ് ഡിനാനോ ആണ് അര്‍ജീന്റീനയിലെ ചൈനീസ് സാന്നിധ്യത്തിലുള്ള ആശങ്ക തുറന്നുപറഞ്ഞത്.
അര്‍ജന്റീനയിലെ ചില ചൈനീസ് അടിസ്ഥാന സൗകര്യ പദ്ധതികളില്‍ യു.എസിന് കൃത്യമായ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വാണിജ്യ താത്പര്യങ്ങളും ദേശീയ സുരക്ഷാ താത്പര്യങ്ങളും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നത് അര്‍ജന്റീനയെപ്പോലെ അമേരിക്കയ്ക്കും വലിയൊരു വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
അര്‍ജന്റീനയിലെ അമേരിക്കന്‍ അംബാസഡര്‍ പീറ്റര്‍ ലാമെലാസ് ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
സുരക്ഷ, ആശയവിനിമയം തുടങ്ങിയ നിര്‍ണ്ണായക മേഖലകളില്‍ ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് അര്‍ജന്റീന ‘ഉത്കണ്ഠപ്പെടണം’ എന്നാണ് അദ്ദേഹം ആവര്‍ത്തിച്ചത്. ചൈനക്കാര്‍ വ്യത്യസ്ത മൂല്യങ്ങളുള്ള വെല്ലുവിളി ഉയര്‍ത്തുന്ന മത്സരാര്‍ത്ഥികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സൈനിക ഉപകരണങ്ങള്‍ കൈമാറുന്നതിനും നിയമനിര്‍വ്വഹണ പരിശീലനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി അമേരിക്കയും അര്‍ജന്റീനയും ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ചിലി സന്ദര്‍ശനത്തിന് ശേഷമാണ് ഡിനാനോ അര്‍ജന്റീനയിലെത്തിയത്. ചിലിയുമായി സുരക്ഷാ, ഖനന മേഖലകളില്‍ കരാറൊപ്പിട്ട അമേരിക്ക, ഇതിനായി ഒരു മില്യണ്‍ ഡോളര്‍ ഫണ്ടും അനുവദിച്ചിട്ടുണ്ട്.
അര്‍ജന്റീനയും ചൈനയും തമ്മിലുള്ള സഹകരണം സുരക്ഷാ ഭീഷണിയാണെന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി ചൈനയും രംഗത്തെത്തിയിട്ടുണ്ട്. രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് ചൈന കുറ്റപ്പെടുത്തി.
ലാമെലാസിന്റെ പ്രസ്താവനകള്‍ ശീതയുദ്ധകാലത്തെ ‘സീറോ-സം’ മാനസികാവസ്ഥയുടെ പ്രതിഫലനമാണെന്നും ചൈനീസ് എംബസി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ അര്‍ജന്റീനയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്ന് ചൈനീസ് വക്താവ് പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാഷ്ട്രീയം പത്തൊമ്പതാം നൂറ്റാണ്ടിലെ ഭൗമരാഷ്ട്രീയ നാടകങ്ങളുടെ ആവര്‍ത്തനമാകരുത് എന്നും, തങ്ങളുടെ വികസന പങ്കാളികളെ തെരഞ്ഞെടുക്കാന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്നും ചൈനീസ് എംബസി വ്യക്തമാക്കി.
അതേസമയം അമേരിക്കയുടെ എതിര്‍പ്പുകള്‍ക്കിടയിലും ചൈനയും അര്‍ജന്റീനയും തമ്മിലുള്ള വ്യാപാര ബന്ധം റെക്കോര്‍ഡ് വേഗതയിലാണ് വളരുന്നത്.
കണക്കുകള്‍ പ്രകാരം. 2025 ലെ ആദ്യ മൂന്ന് പാദങ്ങളില്‍ ഉഭയകക്ഷി വ്യാപാരം 19.61 ബില്യണ്‍ ഡോളറില്‍ എത്തി.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 51.81 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
ബീഫ്, ലിഥിയം വിഭവങ്ങള്‍, കാര്‍ഷിക-ധാതു ഉല്‍പ്പന്നങ്ങള്‍ എന്നിവ ചൈനയിലേക്ക് വന്‍തോതില്‍ അര്‍ജന്റീന കയറ്റി അയക്കുന്നുണ്ട്.
അര്‍ജന്റീനയുടെ സാമ്പത്തിക പരിവര്‍ത്തനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ചൈനീസ് നിക്ഷേപവും സാങ്കേതിക വിദ്യയും നിര്‍ണ്ണായകമാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല ചൈനയ്‌ക്കെതിരായ അമേരിക്കന്‍ നിലപാടുകള്‍ക്കെിരെ വിമര്‍ശനവും ഉയരുന്നുണ്ട്. അമേരിക്കയുടെ നീക്കങ്ങള്‍ ‘മണ്‍റോ സിദ്ധാന്തത്തിന്റെ’ പുനരുജ്ജീവനമാണെന്ന് വിമര്‍ശകര്‍ ആരോപിച്ചു.
ലാറ്റിന്‍ അമേരിക്കയെ തങ്ങളുടെ അധീനതയിലാക്കി മറ്റ് രാജ്യങ്ങളുടെ സ്വാധീനം തടയാനാണ് യു.എസ് ശ്രമിക്കുന്നതെന്നും വെനസ്വേലയിലെ സൈനിക നീക്കങ്ങളും ക്യൂബയ്ക്ക് മേലുള്ള പതിറ്റാണ്ടുകള്‍ നീണ്ട ഉപരോധങ്ങളും ഇതിന് ഉദാഹരണമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ചൈനയുമായുള്ള ബന്ധം അമേരിക്കയുമായുള്ള നയതന്ത്രത്തെ ബാധിക്കില്ലെന്ന പ്രായോഗിക നിലപാടാണ് അര്‍ജന്റീന സ്വീകരിക്കുന്നത്.
Content Highlight: U.S. concerned about Chinese infrastructure in Argentina, U.S. security official says