ആഗോളതാപനം; കേരളത്തിന്റെ പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങുമെന്ന് പഠനം
Daily News
ആഗോളതാപനം; കേരളത്തിന്റെ പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങുമെന്ന് പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th November 2017, 9:58 am

തിരുവനന്തപുരം: ആഗോള താപനില കുറയ്ക്കാന്‍ സാധിക്കാത്ത പക്ഷം കേരളത്തിലെ പല നഗരപ്രദേശങ്ങളും ഗ്രാമപ്രദേശങ്ങളും വെള്ളത്തിനടിയിലാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ആഗോള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ട്രസഭയുടെ ഈ മുന്നറിയിപ്പ്.

ലോകം മൂന്ന് ഡിഗ്രി ആഗോള താപനത്തിലേക്ക് പോകുകയാണെന്നും കേരളം, മുംബൈ പോലുള്ള തീരദേശങ്ങള്‍ വെള്ളത്തിനടയിലാകുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കുന്നു. കാര്‍ബണ്‍ വികിരണം കുറയ്ക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകാതിരുന്നാല്‍ ആഗോളതാപനം യാഥാര്‍ത്ഥ്യമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ആഗോളതാപനത്തിലുണ്ടാകുന്ന മൂന്ന് ഡിഗ്രി വര്‍ധനയെ തുടര്‍ന്ന് സമുദ്രനിരപ്പ് പൂര്‍വസ്ഥിതിയില്‍ എത്തിക്കാനാവാത്ത വിധത്തില്‍ രണ്ട് മീറ്ററോളം ഉയരുമെന്നാണ് ക്ലൈമറ്റ് സെന്‍ട്രലിന്റെ ശാസ്ത്രസംഘം പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.


Dont Miss രാജ്യത്തെ ഏറ്റവും മലിനമായ നഗരം സ്വച്ഛ് ഭാരതിനുവേണ്ടി മുറവിളി കൂട്ടുന്ന മോദിയുടെ മണ്ഡലത്തില്‍: കാശിയിലെ വായു ദല്‍ഹിയിലേക്കാള്‍ മലിനം


ഷാംങ്ഹായ് മുതല്‍ അലക്‌സാന്‍ഡ്ര വരേയും റിയോ മുതല്‍ ഒസാക്ക വരേയുമുള്ള നഗരങ്ങളെയാകും ഈ താപനം ഏറ്റവും പ്രതികൂലമായി ബാധിക്കുക. അമേരിക്കയിലെ മിയാമി പൂര്‍ണമായും ജലത്തിനടിയിലാകും. അതുപോലെ തന്നെ അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയുടെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടയിലാകും.

1880 ന് ശേഷം ആഗോളതാപനം മൂലം സമുദ്രനിരപ്പ് എട്ട് ഇഞ്ച് വര്‍ധിച്ചിട്ടുണ്ട്. ഈ നിരക്ക് ക്രമമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കാറ്റുമൂലം തിരമാലകള്‍ ഉയരുന്നത് കാരണമുണ്ടാകുന്ന അപ്രതീക്ഷിത വെള്ളപ്പൊക്കങ്ങളുടെ സാധ്യത വര്‍ധിക്കുന്നതിനും സമുദ്രനിരപ്പ് ഉയരുന്നത് കാരണമാകും. കടലോരത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളുമല്ല നദികളുടേയും ഉള്‍നാടന്‍ ജലസ്രോതസുകളുടെ തീരത്തുള്ളവയും വെള്ളത്തിനടിയിലാകും.

അന്തരീക്ഷമലീനീകരണം വലിയ രീതിയില്‍ തുടരുകയും ഭൂമിയിലെ ഊഷ്മാവ് നാല് ഡിഗ്രിയോളം വര്‍ധിപ്പിക്കുന്ന തരത്തില്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ നഗരപ്രദേശങ്ങള്‍ പലതും വൈകാതെ തന്നെ വെള്ളത്തിനടിയിലാകുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു.