2026 ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മെക്സിക്കോ, കാനഡ, യു.എസ്.എ തുടങ്ങിയ മൂന്ന് വ്യത്യസ്ത രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.
ജൂണ്‍ 12ന് ആരംഭിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ കിരീടം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യവുമായാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കളത്തിലിറങ്ങിറങ്ങുന്നത്. ഇതിനായി ആരാധകരും വലിയ കാത്തിരിപ്പിലാണ്.
ജൂണ്‍ 17ന് ജെ ഗ്രൂപ്പില്‍ അള്‍ജീരിയക്കെതിരെയാണ് മെസിയും സംഘവും ആദ്യമത്സരത്തിനെത്തുന്നത്. മത്സരത്തിനിറങ്ങുന്ന മെസിക്ക് ഒരു വമ്പന്‍ റെക്കോഡും സ്വന്തം പേരില്‍ കുറിക്കാന്‍ സാധിക്കും. ഇതിനായി മെസിക്ക് വേണ്ടതാകട്ടെ വെറും രണ്ട് ഗോള്‍ മാത്രമാണ്.
മിറോസ്ലാവ് ക്ലോസെ, മെസി
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമാകാനാണ് ലയണല്‍ മെസിക്ക് സാധിക്കുക. ഈ നേട്ടത്തില്‍ ജര്‍മയുടെ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പമെത്താനും താരത്തിന് സാധിക്കും. മാത്രമല്ല ഇതിഹാസ താരങ്ങളായ റൊണാള്‍ഡോ നസാരിയോയും ജസ്റ്റ് ഫോണ്ടൈനെയും മറികടക്കാനും മെസിക്ക് സാധിക്കും.
ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം, ഗോള്‍ (മത്സരം) എന്ന ക്രമത്തില്‍
മിറോസ്ലാവ് ക്ലോസെ (ജര്‍മനി) – 16 (24)
റൊണാള്‍ഡോ നസാരിയോ (ബ്രസീല്‍) – 15 (19)
ജസ്റ്റ് ഫോണ്ടൈന്‍ (ഫ്രാന്‍സ്) – 13 (6)
ലയണല്‍ മെസി (അര്‍ജന്റീന) – 13 (26)
കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്) – 12 (14)
അതേസമയം ലോകകപ്പില്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടവും കൈപ്പിടിയിലാക്കിയാണ് മെസി കളത്തിലിറങ്ങാനിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരം കളിക്കുന്ന താരം എന്ന നേട്ടമാണ് നിലവില്‍ മെസി സ്വന്തം പേരില്‍ കുറിച്ചത്. അര്‍ജന്റീനയ്ക്ക് വേണ്ടി 117 ഗോളുകള്‍ നേടിയ മെസി അഞ്ച് ലോകകപ്പിലെ 26 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയിട്ടുണ്ട്.
കഴിഞ്ഞ ലോകകപ്പിനിടെയാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്. ജര്‍മനിയുടെ ലോത്തര്‍ മത്തേയൂസിനെ മറികടന്നായിരുന്നു 38കാരന്റെ നേട്ടം. മത്തേയൂസ് 25 മത്സരങ്ങളാണ് ലോക വേദിയില്‍ കളിച്ചത്. വരും ലോകകപ്പ് മത്സരത്തില്‍ കളത്തിലിറങ്ങുന്നതോടെ മെസിക്ക് ഈ നേട്ടത്തില്‍ വീണ്ടും മുന്നേറാന്‍ സാധിക്കും.
Content Highlight: Two world records await Lionel Messi