ടെഹ്റാന്‍: ഇറാനില്‍ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തി. അലി റസ്നി (71), മുഹമ്മദ് മൊഗിസ്സെ (68) എന്നിവരാണ് കൊല്ലപ്പെട്ടത്. ടെഹ്‌റാനിലെ സുപ്രീം കോടതി സമുച്ചയത്തില്‍ വെച്ചാണ് ജഡ്ജിമാര്‍ക്ക് വെടിയേറ്റത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്.
ജഡ്ജിമാരെ ആക്രമിച്ചതിന് ശേഷം അജ്ഞാതന്‍ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. ഇയാള്‍ കോടതിയുടെ കെട്ടിടത്തിനുള്ളിലേക്ക് അതിക്രമിച്ച് കയറിയതാണെന്നും അക്രമം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളതാണെന്നും അധികൃതര്‍ പറഞ്ഞു.
അജ്ഞാതന്റെ ആക്രമണത്തില്‍ സ്ഥലത്തുണ്ടായിരുന്ന ഒരു ഗാര്‍ഡിന് പരിക്കേറ്റതായി ജുഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗീര്‍ അറിയിച്ചു. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇയാളുടെ പേരില്‍ കേസുകളില്ലെന്ന് ഇറാന്‍ പൊലീസ് പറഞ്ഞു. എന്താണ് ആക്രമണത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ലെന്നും പൊലീസ് പ്രതികരിച്ചു.
ഇതാദ്യമായല്ല മരണപ്പെട്ട സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ വധശ്രമം ഉണ്ടാകുന്നത്. 1988ല്‍ അലി റസ്നിക്ക് നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്.
Judge Ali Razini
അലിയുടെ വാഹനത്തില്‍ ബോംബ് സ്ഥാപിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. 1988ല്‍ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും വധിക്കുന്നതിനും മേല്‍നോട്ടം വഹിച്ച കമ്മീഷനിലുണ്ടായിരുന്ന ജഡ്ജിമാരില്‍ ഒരാളായിരുന്നു റസ്നി.