മെക്‌സികോ സിറ്റി: യു.എസ് ഉപരോധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ക്യൂബയിലേക്ക് മാനുഷിക സഹായങ്ങളുമായി മെക്‌സിക്കോയില്‍ നിന്നും പുറപ്പെട്ട രണ്ട് കപ്പലുകളെ കരീബിയന്‍ പ്രദേശത്ത് കാണാതായതായി പരാതി. മെക്‌സിക്കോയാണ് കപ്പലുകളെ കാണാനില്ലെന്നും തെരച്ചില്‍ തുടരുകയാണെന്നും അറിയിച്ചത്.
ഫ്രണ്ട്ഷിപ്പ്, ടിഗര്‍ മോത്ത് എന്നീ രണ്ട് പായ്കപ്പലുകളെയാണ് കാണാതായിരിക്കുന്നത്. മാര്‍ച്ച് 20ന് മെക്‌സിക്കോയിലെ ക്വിന്റാന റൂവിലെ ഇസ്‌ല മുജെരെസില്‍ നിന്ന് യാത്ര തുടങ്ങിയ കപ്പലുകള്‍ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെത്തേണ്ടതായിരുന്നു. എന്നാല്‍, കപ്പലുകളില്‍ നിന്നും ഒരു പ്രതികരണവും ലഭിക്കാതായതോടെയാണ് തെരച്ചില്‍ ആരംഭിച്ചത്.
കപ്പലുകളെ കുറിച്ച് വിവരം ശേഖരിക്കുന്നതിനായി മെക്‌സിക്കന്‍ സേന നാവിക സംഘങ്ങളെയും സൈനിക തെരച്ചില്‍ വിമാനങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ഒമ്പത് ജീവക്കാരാണ് കപ്പലുകളിലുണ്ടായിരുന്നത്. യു.എസ്, പോളണ്ട്, ഫ്രാന്‍സ്, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ക്രൂ അംഗങ്ങള്‍.
കപ്പലുകള്‍ കണ്ടെത്തുന്നതിനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാതരത്തിലുള്ള പ്രയത്‌നങ്ങളും നടത്തുമെന്ന് മെക്‌സിക്കന്‍ നാവിക സേന പ്രതികരിച്ചു.
കപ്പലുകളിലെ ക്യാപ്റ്റന്‍മാരും ക്രൂഡവും പരിചയസമ്പന്നരായ നാവികരാണ്. രണ്ട് കപ്പലുകളിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടായിരുന്നെന്നും നാവികസേന വക്താവ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ക്യൂബ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. ക്യൂബയിലേക്ക് കഴിഞ്ഞാഴ്ച സോളാര്‍ പാനലുകള്‍, മരുന്നുകള്‍, സൈക്കിളുകള്‍, ഭക്ഷണം, ബേബി ഫോര്‍മുലകള്‍ ഉള്‍പ്പടെയുള്ള 14 ടണ്‍ സഹായങ്ങളുമായി ഒരു കപ്പലെത്തിയിരുന്നു. വളരെ ഊഷ്മളമായി കപ്പലിനെ ക്യൂബന്‍ ഭരണകൂടം സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിരുന്നു.
യു.എസ് ജനുവരിയില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ തടവിലാക്കുകയും സഖ്യരാഷ്ട്രമായ ക്യൂബക്കെതിരെ ഉപരോധം കര്‍ശനമാക്കുകയും ചെയ്തിരുന്നു.