കര്‍ണാടകയില്‍ വിദേശവനിതയുള്‍പ്പെടെ രണ്ട് പേരെ ബലാത്സംഗത്തിനിരയാക്കി; ഒരു യുവാവിനെ കൊന്നു; പ്രതികള്‍ പിടിയില്‍
national news
കര്‍ണാടകയില്‍ വിദേശവനിതയുള്‍പ്പെടെ രണ്ട് പേരെ ബലാത്സംഗത്തിനിരയാക്കി; ഒരു യുവാവിനെ കൊന്നു; പ്രതികള്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th March 2025, 8:18 pm

ബെംഗളൂരു: കര്‍ണാടകയില്‍ വിനോദസഞ്ചാരിയായ ഇസ്രഈല്‍ വനിതയെയും ഹോംസ്‌റ്റേ ഉടമയായ വനിതയെയും ബലാത്സംഗം ചെയ്യുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ട് പേരെയാണ് കൊപ്പല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ മൂന്നാമത്തെ പ്രതി ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനായി ബെംഗളൂരുവില്‍ പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ബെംഗളൂരുവിലെ കൊപ്പല്‍ ജില്ലയിലെ ഗംഗാവതി താലൂക്കിലെ . സായ്‌നഗര്‍ നിവാസികളായ മല്ലേഷ് എന്ന ഹണ്ടി മല്ല (22), ചേതന്‍ സായ് സില്ലെക്യതാര്‍ (21) എന്നിവരാണ് അറസ്റ്റിലായത്.

കര്‍ണാടകയിലെ ഹംപിയില്‍ വിദേശവനിതയെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും ബലാത്സംഗത്തിന് ഇരയാക്കിയ പ്രതികള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ മര്‍ദിച്ച ശേഷം സമീപത്തുണ്ടായിരുന്ന തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നു.

തടാകത്തില്‍ വീണ ഒഡീഷ സ്വദേശിയായ യുവാവ് മരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അപകടത്തില്‍പ്പെട്ട യു.എസ് പൗരനുള്‍പ്പെടെ രണ്ട് പേരെ പരിക്കുകളോടെ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ (വെള്ളി) രാത്രിയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ പ്രതികളുടെ സംഘം യുവതികളെ ആക്രമിക്കുകയായിരുന്നു.

സനാപൂര്‍ തടാകത്തിന്റെ സമീപത്ത് തുംഗഭദ്ര കനാലിന്റെ ഒരു കൈവഴിക്കരികില്‍ ഇരിക്കുമ്പോഴാണ് യുവതികള്‍ ആക്രമിക്കപ്പെട്ടത്. മൂന്ന് ബൈക്കിലാണ് പ്രതികള്‍ സ്ഥലത്തെത്തിയതെന്ന് മൊഴി ലഭിച്ചിരുന്നു. ടൂറിസ്റ്റ് പാക്കേജുകളുടെ ഭാഗമായി ഹംപിയില്‍ എത്തിയ വിദേശികളാണ് ആക്രമിക്കപ്പെട്ടത്.

പെട്രോള്‍ ഉണ്ടോയെന്നും 100 രൂപ തരുമോയെന്നും ചോദിച്ച് അക്രമികള്‍ ടൂറിസ്റ്റുകളെ സമീപിക്കുകയായിരുന്നു. ടൂറിസ്റ്റുകള്‍ ഇല്ലെന്ന് മറുപടി നല്‍കിയതോടെ വാക്കേറ്റം ഉണ്ടാകുകയും യുവാക്കളെ അക്രമികള്‍ തടാകത്തിലേക്ക് തള്ളിയിടുകയുമായിരുന്നു. തുടര്‍ന്ന് യുവതികളെ ആക്രമിക്കുകയും ചെയ്തു.

സാരമായ പരിക്കുകളുണ്ടെന്നും എന്നാല്‍ യുവതികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

Content Highlight: Two people, including a foreign woman, were raped in Karnataka; a youth was killed; the accused were arrested