തിരുവനന്തപുരം: എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് മികച്ചനേട്ടമുണ്ടാക്കാനായതില്‍ അഭിമാനമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. ഇന്ത്യയിലെ മികച്ച പൊതുസര്‍വ്വകലാശാലകളില്‍ കേരളാ സര്‍വകലാശാലയ്ക്ക് അഞ്ചാം റാങ്കും കുസാറ്റിന് ആറാം റാങ്കും സ്വന്തമായി.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക പ്രവര്‍ത്തന മികവും പുരോഗതിയും പരിശോധിക്കുന്ന കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക് (എന്‍.ഐ.ആര്‍.എഫ് ) ആണ് റാങ്കിങ് പുറത്തുവിട്ടത്.
കേരളത്തിലെ സ്ഥാപനങ്ങള്‍ മികച്ച മുന്നേറ്റം നടത്തിയിരിക്കുകയാണ്. റാങ്കിങ്ങില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ വീണ്ടും ശക്തമായ സ്ഥാനം നേടിയെന്നും മന്ത്രി ആര്‍. ബിന്ദു അറിയിച്ചു.
ഒന്ന് മുതല്‍ നൂറ് വരെയുള്ള റാങ്കില്‍ കേരളത്തില്‍ നിന്നുള്ള 4 സര്‍ക്കാര്‍ കോളേജുകളാണ് ഇടംപിടിച്ചത്. ദേശീയ തലത്തിലുള്ള അക്കാദമിക് മികവാണിത് കാണിക്കുന്നത്. മൊത്തത്തില്‍, ഇന്ത്യയിലെ മികച്ച 300 കോളേജുകളില്‍ കേരളത്തില്‍ നിന്നുള്ള 18 സര്‍ക്കാര്‍ കോളേജുകള്‍ സ്ഥാനം നേടി, ഇത് ഗുണനിലവാരമുള്ള അധ്യാപനത്തെയും സ്ഥിരതയുള്ള പ്രകടനത്തെയും എടുത്തുകാണിക്കുന്നതാണെന്ന് മന്ത്രി പ്രതികരിച്ചു.
കേരളം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടത്തിയ മികച്ച ഇടപെടലിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. നിലവിലെ പഠന – പരീക്ഷ – മൂല്യനിര്‍ണയ രീതികളില്‍ സമഗ്രമായ മാറ്റം കൊണ്ടുവന്നും, തൊഴില്‍ നൈപുണ്യത്തിനും ഗവേഷണത്തിനും മികച്ച പരിഗണന നല്‍കിയും കേരളം നടപ്പിലാക്കിയ നാലു വര്‍ഷ ബിരുദ പ്രോഗ്രാം ഈ നേട്ടം നേടുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒട്ടേറെ പ്രതിസന്ധികള്‍ നിലനിന്നിരുന്ന ഈ കാലഘട്ടത്തിലും മികച്ച നേട്ടം കൈവരിക്കാനായത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്. സര്‍വ്വകലാശാല-കോളേജ് തല ഭരണനേതൃത്വം, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഐ.ക്യു.എ.സി, അനധ്യാപകര്‍ എന്നിവരടങ്ങുന്ന അക്കാദമിക് സമൂഹത്തെ അഭിവാദ്യം ചെയ്യുകയാണെന്നും ആര്‍.ബിന്ദു പ്രതികരിച്ചു.
വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം, അധ്യാപക വിദ്യാര്‍ത്ഥി അനുപാതം, സ്ഥിരം അധ്യാപകരുടെ അക്കാദമിക മികവും ഗവേഷണപരവുമായ പരിചയസമ്പത്ത്, സാമ്പത്തിക സ്രോതസ്സും വിനിമയരീതിയും, ഗവേഷണ പ്രസിദ്ധീകരണ നേട്ടങ്ങളും അവയുടെ ഗുണനിലവാരവും, ഗവേഷണ പ്രോജക്ടുകളുടെ എണ്ണം, പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും, ഗവേഷണ ബിരുദങ്ങളുടെ എണ്ണം, ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും പ്രവേശനം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം, വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകള്‍, കലാകായിക മേഖലകളിലെ നേട്ടങ്ങള്‍, ദേശീയവും അന്തര്‍ദേശീയവുമായ ബഹുമതികള്‍, വിവിധ പഠന അനുബന്ധ മേഖലകളിലുള്ള വനിതാ പ്രാതിനിധ്യം, സാമ്പത്തിക-സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങളും സഹായങ്ങളും, വിദ്യാര്‍ത്ഥി സൗഹൃദ പഠന അന്തരീക്ഷം, ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുക്കുന്ന സംവിധാനങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ വിലയിരുത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
രാജ്യത്തെ മികച്ച 10 പൊതു സര്‍വ്വകലാശാലകളില്‍ രണ്ടെണ്ണം കേരളത്തില്‍ നിന്നാണ്. ആദ്യത്തെ 50 ല്‍ കേരളത്തില്‍ നിന്ന് നാലെണ്ണം ഉണ്ടെന്നതും അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ഓവറോള്‍ വിഭാഗത്തില്‍ 42-ാം റാങ്കും യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ 25-ാം റാങ്കും സംസ്ഥാന പൊതു സര്‍വകലാശാലകളില്‍ അഞ്ചാം സ്ഥാനവും കേരള സര്‍വ്വകലാശാല നേടി.
കൊച്ചിന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സര്‍വ്വകലാശാല (കുസാറ്റ്) ഓവറോള്‍ വിഭാഗത്തില്‍ 50-ാം റാങ്കും യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ 32-ാം റാങ്കും സംസ്ഥാന പൊതു സര്‍വകലാശാലകളില്‍ ആറാം സ്ഥാനവും നേടി. മഹാത്മാഗാന്ധി സര്‍വകലാശാല (എം.ജി.യു) ഓവറോള്‍ വിഭാഗത്തില്‍ 79-ാം റാങ്കും യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ 43-ാം റാങ്കും സംസ്ഥാന പൊതുസര്‍വകലാശാലകളില്‍ 17-ാം റാങ്കും നേടിയെന്നും മന്ത്രി അറിയിച്ചു.
കാലിക്കറ്റ് സര്‍വകലാശാല മൊത്തത്തില്‍ 151-200 ബാന്‍ഡിലും യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ 101-150 ബാന്‍ഡിലും സംസ്ഥാന പൊതു സര്‍വകലാശാലകളുടെ പട്ടികയില്‍ 38-ാം സ്ഥാനത്തും ഇടം നേടി. കണ്ണൂര്‍ സര്‍വകലാശാല സംസ്ഥാന പൊതു സര്‍വകലാശാലകളുടെ വിഭാഗത്തില്‍ 51-100 ബാന്‍ഡിലിടം പിടിച്ചു.
എന്‍.ഐ.ആര്‍.എഫ് 2025-ലെ കോളേജുകളുടെ റാങ്കിങ്ങില്‍ കേരളം ശക്തമായ സാന്നിധ്യം പ്രകടിപ്പിച്ചിട്ടുണ്ട്, ആകെ 74 സ്ഥാപനങ്ങള്‍ ആദ്യ 300 ല്‍ ഇടം നേടി. കഴിഞ്ഞ തവണ 16 കോളേജുകളാണ് ആദ്യത്തെ നൂറു സ്ഥാപനങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നത്. അത് ഇത്തവണ 18 ആയി ഉയര്‍ന്നു.
1-100 റാങ്കില്‍, കേരളത്തില്‍ 18 കോളേജുകളുള്ളതില്‍ 4 എണ്ണം സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്.
101-150 ബാന്‍ഡില്‍, 5 ഗവണ്‍മെന്റും 5 സ്വകാര്യ സ്ഥാപനങ്ങളും ആയി തുല്യമായി വിഭജിച്ചിരിക്കുന്ന 10 കോളേജുകളുണ്ട്.
151-200 ബാന്‍ഡില്‍, 3 ഗവണ്‍മെന്റ് ഉള്‍പ്പെടെ 9 കോളേജുകള്‍ ഉള്‍പ്പെടുന്നു. 201-300 ബാന്‍ഡില്‍, 6 ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 37 കോളേജുകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. മൊത്തത്തില്‍, കേരളത്തില്‍ 18 ഗവണ്‍മെന്റ് കോളേജുകളും 56 സ്വകാര്യ കോളേജുകളും മികച്ച 300 ല്‍ ഇടം നേടി.
കേരളത്തിലെ സര്‍ക്കാര്‍ കോളേജുകള്‍ എന്‍.ഐ.ആര്‍.എഫ് 2025 റാങ്കിംഗില്‍ പ്രശംസനീയമായ പ്രകടനം കാഴ്ചവച്ചു, ഇത് പ്രത്യേകം എടുത്തു പറയേണ്ട നേട്ടമാണ്. ഗുണനിലവാരമുള്ള പൊതു ഉന്നത വിദ്യാഭ്യാസത്തോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത വീണ്ടും തെളിയിക്കുന്നതാണ് ഈ നേട്ടമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
Content Highlight: Two of the top ten universities in the country are in Kerala: Minister R. Bindu