കുടിയേറ്റക്കാരെ പാർപ്പിക്കുന്ന യു.എസ് തടങ്കലിൽ വീണ്ടും മരണം; ട്രംപ് അധികാരമേറ്റതിന് പിന്നാലെ മരണപ്പെട്ടത് 13 പേർ
World News
കുടിയേറ്റക്കാരെ പാർപ്പിക്കുന്ന യു.എസ് തടങ്കലിൽ വീണ്ടും മരണം; ട്രംപ് അധികാരമേറ്റതിന് പിന്നാലെ മരണപ്പെട്ടത് 13 പേർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st July 2025, 8:27 am

വാഷിങ്ടൺ: അമേരിക്കയിൽ കുടിയേറ്റക്കാരെ പാർപ്പിക്കുന്ന ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് തടങ്കലിൽ വീണ്ടും മരണമെന്ന് റിപ്പോർട്ട്. ഒരു ക്യൂബൻ പൗരനും കാനഡയിൽ നിന്നുള്ള മറ്റൊരാളുമാണ് ഫെഡറൽ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത്. ഇതോടെ 2025 സാമ്പത്തിക വർഷത്തിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് തടങ്കലിൽ വെച്ച് മരണപ്പെടുന്ന വ്യക്തികളുടെ എണ്ണം 13 ആയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് അമേരിക്കയിലെത്തിയ 75 കാരനായ ക്യൂബൻ പൗരനായ ഇസിഡ്രോ പെരസ് കഴിഞ്ഞ ദിവസം തടങ്കലിൽ വെച്ച് മരണപ്പെട്ടിരുന്നു. ജൂൺ അഞ്ചിന്, കീ ലാർഗോയിൽ നടന്ന ഒരു നടപടിക്കിടെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ വിശദാംശങ്ങൾ ഏജൻസി പുറത്തുവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ മരണകാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തെക്കുപടിഞ്ഞാറൻ മിയാമി-ഡേഡ് കൗണ്ടിയിലെ ക്രോം ഡിറ്റൻഷൻ സെന്ററിലായിരുന്നു പെരസിനെ തടവിൽ പാർപ്പിച്ചിരുന്നത്.

ജനുവരിയിലും ഫെബ്രുവരിയിലും നടന്ന രണ്ട് മരണങ്ങൾ സ്വാഭാവിക മരണങ്ങളാണെന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ മെഡിക്കൽ എക്‌സാമിനർമാർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ മിയാമി ഹെറാൾഡ് അന്വേഷണത്തിൽ വൈദ്യസഹായം കൃത്യമായ സമയത്ത് ലഭിക്കാത്തതിനാലാണ് മരണം സംഭവിച്ചതെന്ന തെളിവുകൾ കണ്ടെത്തിയിരുന്നു.

ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്താൻ വൈറ്റ് ഹൗസ് ശ്രമിക്കുമ്പോൾ കുടിയേറ്റ തടങ്കൽ കേന്ദ്രങ്ങളുടെ സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ ഭരണകൂടം അനുവദിക്കുകയാണെന്ന് വിമർശകർ പറയുന്നു. കഴിഞ്ഞ മൂന്ന് ഭരണകൂടങ്ങളുടെ കാലങ്ങളിൽ ഏറ്റവും കൂടുതൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് തടങ്കൽ മരണങ്ങൾ ഉണ്ടായതായി രേഖപ്പെടുത്തിയത് ബൈഡൻ ഭരണകാലത്തായിരുന്നു. അന്ന് 12 മരണങ്ങൾ രേഖപ്പെടുത്തി. ട്രംപ് ഭരണത്തിൽ നിലവിൽ 13 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ശ്രദ്ധിക്കേണ്ട വിഷയമാണെന്ന് ദി ഇൻഡിപെൻഡന്റിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ വക്താവ് ഡാരൻ ഐസൻഹോവർ പറഞ്ഞു.

‘2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലെ നിലവിലെ നിരക്കിനേക്കാൾ 2024 ജനുവരി മുതൽ ജൂൺ വരെയുള്ള ബൈഡൻ ഭരണകൂടത്തിനെക്കാൾ ഉയർന്ന മരണ നിരക്കാണ് ഉണ്ടായിട്ടുള്ളത്. ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്,’ ഡാരൻ ഐസൻഹോവർ പറഞ്ഞു.

പ്രതിദിനം ഏകദേശം 3,000 പേരെ കസ്റ്റഡിയിലെടുക്കുക എന്ന തോതിൽ തുടരുകയാണെങ്കിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ മേൽ സമ്മർദം ചെലുത്തപ്പെടുന്നുണ്ടെന്നും ഇത് സിസ്റ്റം തകർക്കുന്നതിന് കാരണമാകുമെന്നും വിമർശകർ പറയുന്നതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ജൂൺ പകുതിയോടെ, 56,000ത്തിലധികം കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. അത് ഏജൻസിയുടെ തടങ്കൽ ശേഷിയേക്കാൾ വളരെയധികമാണ്.

അടുത്തിടെയുണ്ടായ മരണങ്ങളിൽ ജൂൺ 23 ന് മിയാമിയിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കനേഡിയൻ വംശജനായ 49 കാരനായ ജോണി നോവിയല്ലോയും ജൂൺ 7 ന് അറ്റ്ലാന്റയിൽ ഐസ് കസ്റ്റഡിയിൽ മരിച്ച 45 കാരനായ ജീസസ് മോളിന-വിയയും ഉൾപ്പെടുന്നു.

 

Content Highlight: Two more Ice deaths put US on track for one of deadliest years in immigration detention