'മതപരിവര്‍ത്തനം നടന്നതിന് തെളിവില്ല'; യു.പിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനകുറ്റമാരോപിച്ച് അറസ്റ്റിലായ രണ്ട് യുവാക്കളെ വിട്ടയച്ചു
national news
'മതപരിവര്‍ത്തനം നടന്നതിന് തെളിവില്ല'; യു.പിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനകുറ്റമാരോപിച്ച് അറസ്റ്റിലായ രണ്ട് യുവാക്കളെ വിട്ടയച്ചു
ന്യൂസ് ഡെസ്‌ക്
Saturday, 19th December 2020, 5:07 pm

ന്യൂദല്‍ഹി: രണ്ടാഴ്ചത്തെ ജയില്‍വാസത്തിന് ശേഷം യു.പിയില്‍ പുതിയ മതപരിവര്‍ത്തന നിയമപ്രകാരം അറസ്റ്റിലായ യുവാവിനും സഹോദരനും മോചനം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്നതിന് ഇരുവര്‍ക്കുമെതിരെ തെളിവ് കണ്ടെത്താന്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് ഇവരെ വിട്ടയച്ചത്.

എന്താണ് പറയേണ്ടത് എന്നറിയില്ല. പരസ്പര സമ്മതപ്രകാരമാണ് ഞങ്ങള്‍ വിവാഹം ചെയ്തത്. അതിന്റെ പേരില്‍ 15 ദിവസമാണ് ജയിലില്‍ കിടന്നത്. പുറത്തിറങ്ങാന്‍ പറ്റിയതില്‍ സന്തോഷം, യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഡിസംബര്‍ 14നാണ് നിര്‍ബന്ധിത മതപരിവര്‍ത്തനാമാരോപിച്ച ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. മൊറാദാബാദ് ജില്ലയിലെ 22കാരിയായ യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇസ്ലാം മതം സ്വീകരിച്ച ശേഷമായിരുന്നു വിവാഹം. ഡിസംബര്‍ അഞ്ചിന് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയപ്പോള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ യുവതിയ്ക്കും ഭര്‍ത്താവിനുമെതിരെ ആക്രമണവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഇവരെ ഭീഷണിപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന വകുപ്പ് പ്രകാരമാണ് യുവതിയുടെ ഭര്‍ത്താവിനും സഹോദരനുമെതിരെ കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം യുവതിയെ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിന് നാല് മാസം മുമ്പാണ് തങ്ങള്‍ വിവാഹം കഴിച്ചതെന്നും അതിനാല്‍ ഭര്‍ത്താവിനെ മോചിപ്പിക്കണമെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് യുവതി ആരോപിച്ചിരുന്നു.

നവംബര്‍ 24 നാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധനവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിന് യു.പി മന്ത്രിസഭ അംഗീകാരം നല്‍കിയത്.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Two Men Arrested Under Up’s Anticonversion Law Freed