IFFK; മത്സരവിഭാഗത്തിലേക്ക് രണ്ട് മലയാള സിനിമകള്‍, 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍ രാജേഷ് മാധവന്റെ ആദ്യ സംവിധാന ചിത്രവും
Malayalam Cinema
IFFK; മത്സരവിഭാഗത്തിലേക്ക് രണ്ട് മലയാള സിനിമകള്‍, 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍ രാജേഷ് മാധവന്റെ ആദ്യ സംവിധാന ചിത്രവും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th November 2025, 9:48 am

അടുത്ത മാസം ഡിസംബറില്‍ നടക്കുന്ന 30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (IFFK) മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് രണ്ട് മലയാള സിനിമകള്‍. ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ലൈഫ് ഓഫ് എ ഫാലസ് എന്ന ചിത്രവും സഞ്ജു സുരേന്ദ്രന്‍ ഒരുക്കിയ ഖിഡ്കി ഗാവ് എന്ന ചിത്രവുമാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ദക്ഷിണ കൊറിയയിലെ ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഹൈലൈഫ് അവാര്‍ഡ് സ്വന്തമാക്കിയ സിനിമ കൂടിയാണ് ഖിഡ്കി ഗാവ്. ഡിസംബര്‍ 12 മുതല്‍ 19 വരെയാണ് മേള അരങ്ങേറുന്നത്. അതേസമയം മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 മലയാള സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ജിയോ ബേബി സംവിധാനം ചെയ്ത എബ്, ഷെറി ഗോവിന്ദന്റെ സമസ്ത ലോക, ആദിത്യ ബേബിയുടെ അംബ്രോസിയ, നിപിന്‍ നാരായണന്റെ കാത്തിരിപ്പ്, രാജേഷ് മാധവന്റെ പെണ്ണും പൊറാട്ടും, റിനോഷന്‍ കെ.യുടെ ശവപ്പെട്ടി, മിനി ഐ.ജിയുടെ ആദി സ്നേഹത്തിന്റെ വിരുന്നു മേശ എന്നീ ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. അന്യരുടെ ആകാശങ്ങള്‍ (ശ്രീകുമാര്‍ കെ.), ഒരു അപസര്‍പ്പക കഥ (അരുണ്‍ വര്‍ധന്‍), മോഹം (ഫാസില്‍ റസാഖ്), ചാവു കല്യാണം (വിഷ്ണു ബി. ബീന) എന്നീ സിനിമകളും തെരഞ്ഞെടുക്കപ്പെട്ടു.

രാജേഷ് മാധവന്റെ ആദ്യ സംവിധാന സംരംഭമാണ് പെണ്ണും പൊറാട്ടും. മഹേഷിന്റെ പ്രതികാരം’, കനകം കാമിനി കലഹം, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് രാജേഷ് മാധവന്‍.

Content highlight: Two Malayalam films selected for competition at the 30th International Film Festival of Kerala