രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം; രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍
India
രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം; രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th October 2025, 5:43 pm

ജയ്പൂര്‍: ഉപമുഖ്യമന്ത്രി ദിവ്യ കുമാരിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് രണ്ട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് രാജസ്ഥാന്‍ പൊലീസ്. ദി സൂത്ത്രിലെ മാധ്യമപ്രവത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എഡിറ്റര്‍ ഇൻ ചീഫ് ആനന്ദ് പാണ്ഡെ, മാനേജിങ് എഡിറ്റര്‍ ഹരീഷ് ദിവേക്കറെയുമാണ് അറസ്റ്റിലായത്.

ദിവ്യ കുമാരി (രാജസ്ഥാൻ ഉപമുഖ്യമന്ത്രി)

അപകീര്‍ത്തിപ്പെടുത്തല്‍, ബ്ലാക്ക് മെയിലിങ്, പണം തട്ടല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നരേന്ദ്ര സിങ് റാത്തോഡ് എന്നയാളുടെ പരാതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടി. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

സാങ്കേതിക വിവരങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ജയ്പൂര്‍ പൊലീസ് കമ്മീഷണര്‍ ബിജു ജോര്‍ജ് ജോസഫ് പറഞ്ഞു. ദിവ്യ കുമാരിക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുള്ളത് വസ്തുതകളെ അടിസ്ഥാമാക്കിയുള്ള വിവരങ്ങളല്ലെന്നാണ് പൊലീസ് വാദം.

തെറ്റായ വാര്‍ത്തകള്‍ നല്‍കിയ ശേഷം അഞ്ച് കോടി രൂപ നിയമവിരുദ്ധമായി ആവശ്യപ്പെട്ടതായി കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.

മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ ഭീഷണിപ്പെടുത്താനും നിശബ്ദമാക്കാനുള്ള ശ്രമമാണെന്ന് ദി സൂത്ര് പ്രതികരിച്ചു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിലേക്ക് രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ കടന്നുകയറുകയാണെന്നും അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും ദി സൂത്ര് പറഞ്ഞു.


ആനന്ദ് പാണ്ഡെയ്ക്കും ഹരീഷ് ദിവേക്കറിനുമെതിരായ നടപടി ഏകപക്ഷീയമാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അപലപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടിയില്‍ ആശങ്കയുണ്ടെന്നും അറസ്റ്റില്‍ അതൃപ്തി അറിയിക്കുന്നതായും പ്രസ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.

രാജസ്ഥാന്‍ പൊലീസിന്റെ നടപടിക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തി. ജനാധിപധ്യത്തിനെതിരായ ആക്രമണമാണ് രാജസ്ഥാനിലുണ്ടായത് കോണ്‍ഗ്രസ് നേതാവ് അരുണ്‍ യാദവ് പറഞ്ഞു.

സത്യം പറയുന്നവര്‍ തടവറയിലും നുണ പ്രചരിപ്പിക്കുന്നവര്‍ പുറംലോകത്ത് സ്വതന്ത്രമായി വിഹരിക്കുകയും ചെയ്യുമ്പോള്‍ ജനാധിപത്യം അപകടത്തിലാകുമെന്നും അരുണ്‍ യാദവ് ചൂണ്ടിക്കാട്ടി.

Content Highlight: Two journalists arrested in Rajasthan for allegedly defaming Rajasthan Deputy Chief Minister