മണിപ്പൂരിൽ അസം റൈഫിൾസ് വാഹനത്തിനുനേരെ ആക്രമണം; രണ്ട് ജവാൻമാർ കൊല്ലപ്പെട്ടു
India
മണിപ്പൂരിൽ അസം റൈഫിൾസ് വാഹനത്തിനുനേരെ ആക്രമണം; രണ്ട് ജവാൻമാർ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th September 2025, 8:51 pm

ഇംഫാൽ: മണിപ്പൂരിൽ സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം. ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ജവാന്മാർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ നമ്പോൾ സബൽ ലെയ്‌ക്കയിൽ ഇന്ന് വൈകുന്നേരം ആറ് മണിക്കായിരുന്നു സംഭവം. ഇംഫാലിൽ നിന്നും ബിഷ്ണുപൂർ ജില്ലയിലേക്ക് പോകുകയായിരുന്ന സൈനിക വാഹനമാണ് അപകടത്തിൽപ്പെട്ടത്. 33 അസം റൈഫിൾസ് ഉദ്യോഗസ്ഥരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

സൈനികർ സഞ്ചരിച്ച വാഹനത്തിനു നേരെ ഒരു കൂട്ടം തോക്കുധാരികൾ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തെ ഹീനമായ പ്രവൃത്തിയെന്ന് മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല പറയുകയും കൊല്ലപ്പെട്ട ജവാന്മാർക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

മണിപ്പൂർ മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങും ആക്രമണത്തെ അപലപിച്ചു. ഇത് സംസ്ഥാനത്തിനേറ്റ ക്രൂരമായ പ്രഹരമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ഹീനമായ പ്രവൃത്തി ചെയ്ത അക്രമികൾക്ക് കഠിനമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസം റൈഫിൾസും സംസ്ഥാന പോലീസും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ വർഷം മുതൽ നിരവധി ജില്ലകളിൽ ആവർത്തിച്ചുള്ള അക്രമങ്ങളും അസ്വസ്ഥതകളും കാരണം മണിപ്പൂരിൽ സുരക്ഷ ശക്തമാക്കിയിരിക്കെയാണ് ആക്രമണം.

Content Highlight: Two jawans killed in attack on Assam Rifles vehicle in Manipur