ആദ്യം ഫുട്‌ബോളും ഫിഫയും, എന്നിട്ട് മതി രാജ്യസ്‌നേഹം; ലോകകപ്പ് കളിക്കാന്‍ രാജ്യം തന്നെ മാറി ഇംഗ്ലണ്ട് താരങ്ങള്‍
2022 FIFA World Cup
ആദ്യം ഫുട്‌ബോളും ഫിഫയും, എന്നിട്ട് മതി രാജ്യസ്‌നേഹം; ലോകകപ്പ് കളിക്കാന്‍ രാജ്യം തന്നെ മാറി ഇംഗ്ലണ്ട് താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th May 2022, 8:44 pm

ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കില്ല എന്ന സൂചനയെ തുടര്‍ന്ന് രാജ്യം തന്നെ മാറി ഇംഗ്ലണ്ട് താരങ്ങള്‍. ഫിഫയുടെ നിയമങ്ങള്‍ക്കനുസൃതമായാണ് താരങ്ങള്‍ ടീം വിട്ടത്.

ചെല്‍സിയുടെ വിംഗറായ കാല്ലം ഹഡ്‌സണ്‍ ഒഡോയ്, ആഴ്‌സണല്‍ സ്‌ട്രൈക്കറും ഇംഗ്ലണ്ട് അണ്ടര്‍ 21 ടീമിലെ എക്കാലത്തേയും സൂപ്പര്‍ താരവുമായ എഡ്ഡി എന്‍കതിയ എന്നിവരാണ് ടീം മാറുന്നത്. ആഫ്രിക്കന്‍ രാജ്യമായ ഘാനയ്ക്ക് വേണ്ടിയാണ് ഇരുവരും ലോകകപ്പില്‍ ബൂട്ടണിയുക.

2020-ല്‍ ഭേദഗതി ചെയ്ത ഫിഫയുടെ നിയമത്തിന്റെ ആനുകൂല്യത്തോടെയാണ് ഇരുവരും ഘാനയ്ക്ക് വേണ്ടി കളിക്കാനിറങ്ങുന്നത്. 21-ാം പിറന്നാളിന് മുമ്പായി ഒരു രാജ്യത്തിനുവേണ്ടി മൂന്നോ അതില്‍ കുറവോ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരങ്ങള്‍ക്ക്, തങ്ങള്‍ക്ക് പൗരത്വമുള്ള മറ്റൊരു രാജ്യത്തിനായി കളിക്കാം എന്നതാണ് പുതിയ ഫിഫ നിയമം.

ഒഡോയ്‌യുടെ അച്ഛന്‍ ഘാനയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഫുട്‌ബോള്‍ താരമായിരുന്നു. ഒഡോയ് ജനിച്ചതും വളര്‍ന്നതും ഇംഗ്ലണ്ടില്‍ തന്നെയാണ്. നിമയപ്രകാരം ഇംഗ്ലണ്ടിനും ഘാനയ്ക്കും വേണ്ടി കളിക്കാന്‍ അവസമുണ്ടെങ്കിലും ജന്മനാടായ ഇംഗ്ലണ്ടിനു വേണ്ടി കളിക്കാനാണ് ആദ്യഘട്ടത്തില്‍ താരം തീരുമാനിച്ചത്.

കാല്ലം ഹഡ്‌സണ്‍ ഒഡോയ്

എന്നാല്‍ ദേശീയ ടീമില്‍ അവസരം ലഭിച്ചേക്കില്ല എന്ന സൂചനകള്‍ക്ക് പിന്നാലെയാണ് താരം ഘാനയ്ക്ക് വേണ്ടി കളിക്കാനിറങ്ങുന്നത്.

ഒഡോയ്‌യെ പോലെ തന്നെ എന്‍കതിയയുടെ കുടുംബവും ഘാനയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്. ഇംഗ്ലണ്ടിനു വേണ്ടി അണ്ടര്‍ 18, അണ്ടര്‍ 19, അണ്ടര്‍ 20, അണ്ടര്‍ 21 ടീമുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയ താരം ആഴ്‌സണലിന്റേയും ചെല്‍സിയുടേയും അക്കാദമികളില്‍ നിന്നാണ് കളിയടവ് പഠിച്ചത്.

2019ലും 2020ലും ഘാന തങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ എന്‍കതിയയെ സമീപിച്ചെങ്കിലും താരം വിസമ്മതിക്കുകയായിരുന്നു.

എഡ്ഡി എന്‍കതിയ

2021ലെ അണ്ടര്‍ 21 ടീമിന്റെ നായകനായ താരത്തിന് സീനിയര്‍ ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. ലോകകപ്പിനുള്ള ഇംഗ്ലീഷ് ടീമിലെത്തുക ദുഷ്‌കരമാകുമെന്നതും, ടീമില്‍ എടുത്താല്‍ തന്നെ കളിക്കാന്‍ പരിമിതമായ അവസരമേ ലഭിക്കൂ എന്നതുമാണ് തട്ടകം ഘാനയിലേക്ക് മാറ്റാന്‍ താരത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചനകള്‍.

2014ല്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടന്ന ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഘാന ലോകകപ്പിന് യോഗ്യത നേടുന്നത്. പോര്‍ച്ചുഗല്‍, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നവരുള്‍പ്പെട്ട ഗ്രൂപ്പ് എച്ചിലാണ് ഘാന.

Content Highlight: Two England players switch over to Ghana before FIFA World Cup