റാഞ്ചി: ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ ആശുപത്രി കെട്ടിടം തകര്‍ന്ന് രണ്ട് മരണം. ജംഷഡ്പൂരിലെ എം.ജി.എം (മഹാത്മഗാന്ധി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്) ആശുപത്രിയുടെ മെഡിസിന്‍ ബ്ലോക്കിലെ കെട്ടിടമാണ് തകര്‍ന്ന് വീണത്.
പതിനഞ്ചോളം ആളുകള്‍ ഈ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന. പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പുറത്തെത്തിച്ചവര്‍ക്ക് വൈദ്യ സഹായം നല്‍കി വരികയാണ്.
‘മരിച്ചവര്‍ രണ്ടുപേരും പുരുഷന്മാരാണ്. അവര്‍ രോഗികളാണോ അതോ പുറത്തുനിന്നുള്ളവരാണോ എന്ന് വ്യക്തമല്ല,’ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നകുല്‍ ചൗധരി പറഞ്ഞു.
ഒരു വയോധികയുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഡോ. ദിവാകര്‍ ഹന്‍സ്ദ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മകനെ കാണാന്‍ വന്ന വയോധികക്ക് നിരവധി പരിക്കുകളുണ്ട്. അതിനാല്‍ ഇവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 53 വയസ്സുള്ള ഒരു പുരുഷനും നിസാര പരിക്കുകള്‍ ഏറ്റിട്ടുണ്ട്.
ആരോഗ്യ മന്ത്രി ഇര്‍ഫാന്‍ അന്‍സാരി അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. അദ്ദേഹം നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ വൈകീട്ട് നാല് മണിയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അപകടത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം ഒരു അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ബ്ലോക്കില്‍ ആളുകള്‍ കുറവായതിനാല് മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത കുറവാണ്.
കെട്ടിടം വളരെ ജീര്‍ണാവസ്ഥയിലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയിലെ ചില ഡിപ്പാര്‍ട്ട്മെന്റുകള്‍ അപകടത്തെ തുടര്‍ന്ന മാംഗോയിലെ ഡിംനയിലുള്ള എം.ജി.എം കോളേജ് കാമ്പസിലേക്ക് മാറ്റുകയാണെന്നും ആശുപത്രി ജീവനക്കാര്‍ അറിയിച്ചിട്ടുണ്ട്.
Content Highlight: Two dead as hospital building collapses in Jamshedpur