ലണ്ടന്‍ സ്തംഭിപ്പിച്ച് നക്ബ ദിന റാലി; രണ്ടര ലക്ഷം പേരുടെ പടുകൂറ്റന്‍ പ്രതിഷേധം
World News
ലണ്ടന്‍ സ്തംഭിപ്പിച്ച് നക്ബ ദിന റാലി; രണ്ടര ലക്ഷം പേരുടെ പടുകൂറ്റന്‍ പ്രതിഷേധം
ആദര്‍ശ് എം.കെ.
Sunday, 17th May 2026, 1:20 pm

ലണ്ടന്‍: ലണ്ടനില്‍ ഫലസ്തീന്‍ അനുകൂലികള്‍ സംഘടിപ്പിച്ച നക്ബ ദിന റാലിയില്‍ ഏകദേശം രണ്ടര ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തു. 1948ല്‍ ഇസ്രഈല്‍ രൂപീകരണ സമയത്ത് ഏകദേശം 7.5 ലക്ഷത്തോളം ഫലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് പുറത്താക്കിയതിന്റെ 78ാം വാര്‍ഷികം അടയാളപ്പെടുത്താനാണ് ഈ മാര്‍ച്ച് സംഘടിപ്പിച്ചത്.

മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍, എം.പിമാരായ ഡയാന ആബട്ട്, സാറ സുല്‍ത്താന, ജോണ്‍ മക്‌ഡൊണല്‍ തുടങ്ങിയ പ്രമുഖര്‍ റാലിയില്‍ സംസാരിച്ചു.

വംശീയതയ്ക്കും ഫാസിസത്തിനുമെതിരെ ഒന്നിച്ചു നില്‍ക്കണമെന്ന് ഡയാന ആബട്ട് ആഹ്വാനം ചെയ്തു. ഗവണ്‍മെന്റിന്റെ വ്യക്തിത്വങ്ങളല്ല, മറിച്ച് ഫലസ്തീന്‍ വിഷയത്തിലുള്ള അവരുടെ നയങ്ങളാണ് മാറേണ്ടതെന്ന് ജെറമി കോര്‍ബിന്‍ അഭിപ്രായപ്പെട്ടു. ഗസയില്‍ വംശഹത്യ തുടരുന്ന സാഹചര്യത്തില്‍ ഈ പ്രതിഷേധത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ജോണ്‍ മക്‌ഡൊണല്‍ പറഞ്ഞു.

സൗത്ത് കെന്‍സിങ്ടണില്‍ നിന്ന് ആരംഭിച്ച് പള്‍ മാളില്‍ അവസാനിച്ച മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഗസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്നും, ഇസ്രഈലിന് ആയുധങ്ങള്‍ നല്‍കുന്നത് ബ്രിട്ടന്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

ഇസ്‌ലാമോഫോബിയ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ കമ്മ്യൂണിറ്റികള്‍ക്ക് തുല്യമായ സംരക്ഷണം നല്‍കണമെന്ന് ബ്രിട്ടീഷ് ഫലസ്തീനികള്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫലസ്തീന്‍ പതാകകളും കഫിയകളും ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ക്കിടയില്‍ ‘ബ്രിസ്റ്റോള്‍ ഫലസ്തീനൊപ്പം നില്‍ക്കുന്നു’, ‘ഫ്രീ ഫലസ്തീനിയന്‍ ഹോസ്റ്റേജസ്’ തുടങ്ങിയ പ്ലക്കാര്‍ഡുകളും  ഉയർത്തിയിരുന്നു.

ഇതേ ദിവസം തന്നെ തീവ്ര വലതുപക്ഷ നേതാവായ ടോമി റോബിന്‍സണിന്റെ നേതൃത്വത്തില്‍ ‘യുണൈറ്റ് ദി കിങ്ഡം’ എന്ന പേരില്‍ മറ്റൊരു പ്രതിഷേധവും ലണ്ടനില്‍ നടന്നു.

ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടാതിരിക്കാന്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് 4,000ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചു. കവചിത വാഹനങ്ങള്‍, പോലീസ് കുതിരകള്‍, ഡ്രോണുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ ഉപയോഗിച്ചുള്ള അഭൂതപൂര്‍വമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്.

പൊതു ക്രമസമാധാന പാലനത്തിനായി ചരിത്രത്തില്‍ ആദ്യമായി ലണ്ടന്‍ പോലീസ് തത്സമയ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ (live facial recognition technology) ഉപയോഗിച്ചു.

സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 43 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

തീവ്ര വലതുപക്ഷ പ്രതിഷേധക്കാര്‍ക്ക് ഫലസ്തീന്‍ റാലി നടക്കുന്നിടത്തേക്ക് പ്രവേശനം ലഭിക്കാത്ത വിധം പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

 

Content Highlight: Two and a half lakh people attended the Nakba Day rally organized by Palestinian supporters in London

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.