'#സുക്കര്‍ബെര്‍ഗ്‌ഷെയിംഓണ്‍യൂ', കിസാന്‍ സംഘടനയുടെ ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ
national news
'#സുക്കര്‍ബെര്‍ഗ്‌ഷെയിംഓണ്‍യൂ', കിസാന്‍ സംഘടനയുടെ ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st December 2020, 3:07 pm

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ശക്താകുന്നതിനിടെ ട്വിറ്ററില്‍ #സുക്കര്‍ബെര്‍ഗ്‌ഷെയിംഓണ്‍യു ഹാഷ് ടാഗ് ട്രെന്‍ഡിംഗാവുന്നു.

കിസാന്‍ എക്താ മോര്‍ച്ചയുടെ ഫേസ്ബുക്ക് പേജ് കഴിഞ്ഞ ദിവസം നീക്കം ചെയ്ത നടപടിയില്‍ ഫേസ്ബുക്കിനെ വിമര്‍ശിച്ചാണ് ഫേസ്ബുക്കില്‍ ഹാഷ് ടാഗ് ട്രെന്‍ഡിംഗ് ആകുന്നത്.

സുക്കര്‍ബെര്‍ഗ് ഷെയിം ഓണ്‍ യൂ എന്ന ഹാഷ്ടാഗില്‍ ഇതുവരെ 8000ത്തിലധികം ട്വീറ്റുകളാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

ഈ ഹാഷ് ടാഗിനൊപ്പം #ഷെയിംഓണ്‍ഫേസ്ബുക്ക് #ഗോഡിമീഡിയഎഗയിന്‍സ്റ്റ്ഫാര്‍മേഴ്‌സ് തുടങ്ങിയ ഹാഷ് ടാഗുകളും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുന്നുണ്ട്.

ഫേസ്ബുക്ക് പേജ് നീക്കം ചെയ്തതിനെതിരെ സാമൂഹ മാധ്യമത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ പേജിന്റെ ബ്ലോക്ക് ഫേസ്ബുക്ക് നീക്കിയിരുന്നു.

ബി.ജെ.പിയുടെ പാദസേവകനാകുന്നത് മാര്‍ക്ക് സുക്കര്‍ബെര്‍ഗ് നിര്‍ത്തണം, മോദി സര്‍ക്കാരിനെയും ഈ തണുപ്പിനെയും ഒരുപോലെ നേരിടുന്ന കര്‍ഷകര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു, പ്രിയപ്പെട്ട മോദിയെയും ബി.ജെ.പിയെയും പിന്തുണച്ച് കൊണ്ട് ഫേസ്ബുക്ക് ചരിത്രമാവര്‍ത്തിക്കുന്നു തുടങ്ങിയ ട്വീറ്റുകളാണ് ട്രെന്‍ഡിംഗ് ഹാഷ്ടാഗിനൊപ്പം ട്വീറ്റ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം കര്‍ഷകപ്രക്ഷോഭം ലൈവായി കാണിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് കര്‍ഷക സംഘടനയായ കിസാന്‍ ഏക്ത മോര്‍ച്ചയുടെ പേജ് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ഫേസ്ബുക്ക് കമ്മ്യൂണിറ്റി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്നാരോപിച്ചായിരുന്നു പേജുകള്‍ ബ്ലോക്ക് ചെയ്തത്.

ഏഴ് ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന പേജാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന പ്രഖ്യാപനവുമായി സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് രംഗത്തെത്തിയതിനു പിന്നാലെയാണ് ഫേസ്ബുക്ക് പേജുകള്‍ നീക്കം ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Twitter Trending against Mark Zukerberg and Modi over blocking Kisan Ekta Morcha’s page