ഇനി റീട്വീറ്റ് അത്ര എളുപ്പമാകില്ല; പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി ട്വിറ്റര്‍
TechNews
ഇനി റീട്വീറ്റ് അത്ര എളുപ്പമാകില്ല; പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി ട്വിറ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th June 2020, 8:59 am

വാഷിംഗ്ടണ്‍: ട്വിറ്ററില്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്താനൊരുങ്ങി കമ്പനി. പുതിയ ഫീച്ചര്‍ നിലവില്‍ വന്നാല്‍ ഉപയോക്താവിന് വായിക്കാതെ ഒരു ലിങ്ക് മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യുന്നതിന് പരിമിതിയുണ്ടാകും.

ഒരു ലിങ്ക് റീട്വീറ്റ് ചെയ്യുന്നതിന് മുമ്പ് ആ ലിങ്കില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ റീട്വീറ്റ് ചെയ്യുന്ന വ്യക്തി വായിച്ചിട്ടുണ്ടോ എന്ന ചോദ്യം ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ചോദ്യം ഉണ്ടാകും. ഷെയര്‍ ചെയ്യുന്ന ഉപയോക്താവ് വായിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കാനാണ് ഇത്. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പങ്കുവെക്കാതിരിക്കാനാണ് പുതിയ ഫീച്ചര്‍.

” ഒരു ലേഖനം പങ്കിട്ടാല്‍ അതിന് ശേഷം അതിനെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ ഉണ്ടാകും. അതുകൊണ്ടു തന്നെ ഒരു കാര്യം പങ്കിടുന്നതിന് മുന്‍പ് നിങ്ങളത് തീര്‍ച്ചയായും വായിച്ചിരിക്കണം,” ട്വിറ്ററിന്റെ സപ്പോര്‍ട്ട് ടീം വിശദീകരിച്ചു.

ഫലപ്രദമായ ചര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നതിനായി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ സവിശേഷത പരീക്ഷിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു.

‘നിങ്ങള്‍ ട്വിറ്ററില്‍ തുറക്കാത്ത ഒരു ലേഖനം റീട്വീറ്റ് ചെയ്യുമ്പോള്‍, ആദ്യം ഇത് തുറക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഞങ്ങള്‍ ചോദിച്ചേക്കാം,” കമ്പനി പറഞ്ഞു.
അതേസമയം റീട്വീറ്റുമായി മുന്നോട്ടുപോകാനുള്ള ഓപ്ഷന്‍ ഉപയോക്താവിന് ഉണ്ടാകുമെന്നും ട്വിറ്റര്‍ അറിയിച്ചു.

തുടര്‍ച്ചയായി തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്ന സാഹചര്യത്തിലാണ്
ട്വിറ്റര്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ട്വിറ്റര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. തെറ്റായ വിവരം പങ്കുവെച്ച ട്രംപിന്റെ ട്വീറ്റിനൊപ്പം ഫാക്ട് ചെക് ലിങ് ട്വിറ്റര്‍ ഉള്‍പ്പെടുത്തിയിരുന്നു. കോപ്പി റൈറ്റ് ലംഘനം നടത്തിയതിന്   ട്രംപ് ട്വീറ്റ് ചെയ്ത വീഡിയോയും ട്വിറ്റര്‍ നീക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ