ടി. രാജാസിങ്ങിന്റെ വിദ്വേഷ പ്രസംഗങ്ങൾ നീക്കം ചെയ്യാൻ നിർദേശിച്ച് ട്വിറ്റർ; തെളിവുകൾ ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ഹിന്ദുത്വവാച്ച്
national news
ടി. രാജാസിങ്ങിന്റെ വിദ്വേഷ പ്രസംഗങ്ങൾ നീക്കം ചെയ്യാൻ നിർദേശിച്ച് ട്വിറ്റർ; തെളിവുകൾ ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ഹിന്ദുത്വവാച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st April 2023, 6:10 pm

ന്യൂദൽഹി: ബി. ജെ. പി എം. എൽ. എയുടെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോകൾ നീക്കം ചെയ്ത് ട്വിറ്റർ. കേന്ദ്രനിർദേശ പ്രകാരമാണ് നടപടിയെന്നാണ് റിപ്പോർട്ട്‌. മഹാരാഷ്ട്രയിലുടനീളം നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോകളാണ് നീക്കം ചെയ്തത്.

ഹിന്ദുത്വവാച്ച് എന്ന ട്വിറ്റർ ഹാൻഡിലായിരുന്നു ബി.ജെ.പി എം.എൽ.എ ടി. രാജയുടെ പ്രസംഗത്തിന്റെ വീഡിയോകൾ പങ്കുവെച്ചത്. ഐ.ടി നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ട്വിറ്ററിൽ നിന്ന് ഇമെയിൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സിയാസത് റിപ്പോർട്ട്‌ ചെയ്യുന്നു.

അതേസമയം ഇത്തരം നടപടികളിലൂടെ രാജ്യത്ത് നടക്കുന്ന വിദ്വേഷ പ്രസംഗങ്ങളുടെ തെളിവുകൾ നശിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ഹിന്ദുത്വ വാച്ച് ട്വീറ്റ് ചെയ്തു.

അൾട് ന്യൂസിലെ മാധ്യമപ്രവർത്തകനായ കലീം അഹമ്മദിനും സമാന രീതിയിൽ ട്വിറ്ററിൽ നിന്നും മെയിൽ ലഭിച്ചിട്ടുണ്ട്. ടി. രാജ സിങ് നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ ഉൾപ്പെടുത്തിയ തന്റെ ട്വീറ്റ് നീക്കം ചെയ്തെന്നും ഇന്ത്യയിലെ ജനാതിപത്യം തന്നോട് കടുത്ത വിദ്വേഷത്തിലാണെന്നും മെയിലിന്റെ സ്ക്രീന്ഷോട്ട് പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

അതേസമയം രാമനവമി ആഘോഷങ്ങൾക്കിടെ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ രാജ സിങ്ങിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അഫ്സൽ ഗഞ്ച് പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.

ഹിന്ദിയിലായിരുന്നു രാജാ സിങ്ങിന്റെ പ്രസംഗം. ഇന്ത്യ ഹിന്ദുരാഷ്ട്രമായാൽ നാം രണ്ട് നമുക്ക് രണ്ട് എന്ന നയം പിന്തുടരുന്നവർക്ക് മാത്രമേ വോട്ട് ചെയ്യാനുള്ള അവകാശം ലഭിക്കൂവെന്നും, നാം അഞ്ച് നമുക്ക് അമ്പത് എന്ന നയം പിന്തുടരുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നുമാണ് രാജാസിങ് തന്റെ പ്രസംഗത്തിൽ പറഞ്ഞത്.

നമ്മുടെ ഋഷീശ്വരന്മാർ ഹിന്ദുരാഷ്ട്രം എങ്ങനെ വേണമെന്നുള്ള കാര്യം നേരത്തേ തന്നെ നിർണയിച്ചിട്ടുണ്ടെന്നും ആ രാഷ്ട്രത്തിന്റെ തലസ്ഥാനം ദൽഹിയായിരിക്കില്ലെന്നും കാശി, മഥുര, അയോധ്യ എന്നിവയിൽ നിന്ന് അത് തെരഞ്ഞെടുക്കപ്പെടുമെന്നും രാജാസിങ് പറഞ്ഞിരുന്നു.

ഹിന്ദുരാഷ്ട്രം കർഷകർക്ക് നികുതി ഏർപ്പെടുത്തില്ലെന്നും അവിടെ ഗോവധത്തിനോ മതപരിവർത്തനത്തിനോ ഇടമുണ്ടാകില്ലെന്നുമൊക്കെയായിരുന്നു പ്രസംഗത്തിലെ മറ്റ് പരാമർശങ്ങൾ.

ഈ വർഷം ജനുവരിയിൽ മുംബൈയിൽ നടന്ന സകൽ ഹിന്ദു സമാജ് റാലിയിൽ പങ്കെടുത്തു കൊണ്ട് നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ മുംബൈ പൊലീസും രാജാസിങ്ങിനെതിരെ കേസെടുത്തിരുന്നു.

Content Highlight: Twitter sent email to certain accounts to remove BJP MLA T. Raja’s hate speech videos