ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍ വരുന്നു; വരും മാസങ്ങളില്‍ ബ്ലൂ അംഗങ്ങളുടെ അക്കൗണ്ടുകളില്‍ പരീക്ഷണം
World News
ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍ വരുന്നു; വരും മാസങ്ങളില്‍ ബ്ലൂ അംഗങ്ങളുടെ അക്കൗണ്ടുകളില്‍ പരീക്ഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th April 2022, 8:53 am

സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷമായി ജോലി ചെയ്ത് വരികയാണെന്ന് ട്വിറ്റര്‍ ഇന്‍കോര്‍പറേറ്റ്‌സ് അറിയിച്ചു.

എഡിറ്റ് ബട്ടണ്‍ കൊണ്ടുവരണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ പോളിങ് ആരംഭിച്ചതിന് പിന്നാലെയാണ് ബട്ടണിന്റെ കാര്യം പരിഗണിച്ച് വരികയാണെന്ന് ട്വിറ്റര്‍ അറിയിച്ചത്.

മസ്‌ക് ട്വീറ്റ് ചെയ്ത പോളിങ്ങില്‍ നിന്നും, ആളുകള്‍ക്ക് എഡിറ്റ് ബട്ടണ്‍ വേണമോ വേണ്ടയോ എന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് ഐഡിയ ലഭിച്ചില്ലെന്നും ട്വിറ്റര്‍ അറിയിച്ചു.

വരും മാസങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ട്വിറ്ററിന്റെ ബ്ലൂ അംഗങ്ങളുടെ അക്കൗണ്ടുകളില്‍ പുതിയ എഡിറ്റ് ഫീച്ചര്‍ അവതരിപ്പിച്ച് പരീക്ഷിക്കുമെന്നും ഔദ്യോഗിക പ്രഖ്യാപനത്തില്‍ പറഞ്ഞു.

ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി വാങ്ങിയതിന് പിന്നാലെ ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍ വേണമോ വേണ്ടയോ എന്നത് സംബന്ധിച്ച് പോളിങ്ങിന് തുടക്കമിടുകയായിരുന്നു.

ട്വിറ്റര്‍ ബോര്‍ഡിലും അംഗമാണ് മസ്‌ക്.

ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഇന്ത്യന്‍ വംശജന്‍ പരാഗ് അഗര്‍വാളും ട്വിറ്റര്‍ ഉപയോക്താക്കളോട് ‘ശ്രദ്ധിച്ച് വോട്ട് ചെയ്യുക’ എന്ന് ആഹ്വാനം ചെയ്തിരുന്നു.

ഏപ്രില്‍ ഒന്നിനായിരുന്നു എഡിറ്റ് ബട്ടണ്‍ കൊണ്ടുവരുന്നത് സംബന്ധിച്ച ശ്രമങ്ങള്‍ നടത്തുന്നതായി ട്വിറ്റര്‍ അറിയിച്ചത്.

Content Highlight: Twitter Says Working On Edit Button For Tweets After Elon Musk Polls