ട്വിറ്ററില്‍ ട്രന്റിംഗായി #Bulldozer, #StopBulldozingMuslimHousse ഹാഷ് ടാഗുകള്‍; കോടതി ഉത്തരവ് മറികടന്നും ദല്‍ഹി ജഹാംഗിര്‍ പുരിയില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടരുന്നു
national news
ട്വിറ്ററില്‍ ട്രന്റിംഗായി #Bulldozer, #StopBulldozingMuslimHousse ഹാഷ് ടാഗുകള്‍; കോടതി ഉത്തരവ് മറികടന്നും ദല്‍ഹി ജഹാംഗിര്‍ പുരിയില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th April 2022, 1:27 pm

ന്യൂദല്‍ഹി: കയ്യേറ്റമെന്ന പേരില്‍ ദല്‍ഹി ജഹാംഗിര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്ന നടപടിയില്‍ ട്വിറ്ററി വ്യാപക പ്രതിഷേധം.

#Bulldozer ട്വിറ്ററില്‍ ഇന്ത്യയില്‍ ട്രന്റിംഗില്‍ ഒന്നാമതുള്ളത്. #StopBulldozingMuslimHousse ഹാഷ് ടാഗും ട്രന്റിംഗിലുണ്ട്. വിമര്‍ശകരെയും പ്രതിഷേധകരെയും അടിച്ചമര്‍ത്താന്‍ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ബി.ജെ.പി സര്‍ക്കാറുകള്‍ ഉപയോഗിച്ച ബുള്‍ഡോസര്‍ തന്ത്രം ഹനുമാന്‍ ജയന്തിയെ സംഘര്‍ഷം നടന്ന ദല്‍ഹി ജഹാംഗീര്‍പുരിയിലും നടത്തുന്നു എന്നാണ് വിമര്‍ശനങ്ങള്‍.

അതേസമയം, കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ ജംഇയത്തുല്‍ ഉലമായെ ഹിന്ദ് നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍. എന്നാല്‍ ഉത്തരവ് കയ്യില്‍ കിട്ടുന്നതുവരെ പൊളിക്കല്‍ നടപടി തിടരുമെന്നാണ് ദല്‍ഹി കോര്‍പറേഷന്‍ അധികൃതര്‍ അറിയിക്കുന്നത്.

അനധികൃത കെട്ടിടങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ കെട്ടിടങ്ങള്‍ പൊളിച്ച് തുടങ്ങിയത്.

നടപടിയില്‍ രാഷ്ട്രീയ ഇടപെടലില്ലെന്നാണ് നോര്‍ത്ത് ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍(എം.സി.ഡി) വ്യക്തമാക്കുന്നതെങ്കിലും സംഘര്‍ഷത്തിലെ കുറ്റാരോപിതരുടെ കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

‘കയ്യേറ്റം ഒഴിപ്പിക്കല്‍ ഡ്രൈവി’ന് ബി.ജെ.പി ഭരിക്കുന്ന നോര്‍ത്ത് ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പൊലീസ് സഹായം തേടിയിരുന്നു. നോര്‍ത്ത് വെസ്റ്റ് ഡി.സി.പിക്ക് ഇത് സംബന്ധിച്ച് ഔദ്യോഗികമായി കത്തയക്കുകയും ചെയ്തിരുന്നു.

ജഹാംഗീര്‍പുരിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ 400 പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിപ്പിച്ചത്. പത്ത് ബുള്‍ഡോസറുകളും എത്തിയിരുന്നു. ‘കയ്യേറ്റം ഒഴിപ്പിക്കല്‍ ഡ്രൈവി’ന് ബി.ജെ.പി ഭരിക്കുന്ന നോര്‍ത്ത് ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പൊലീസ് സഹായം തേടിയിരുന്നു.