രക്ഷാ ബന്ധന്‍ കണ്ട് കണ്ണ് നിറയാതെ തിയേറ്ററില്‍ നിന്നും ഇറങ്ങാന്‍ വെല്ലുവിളിക്കുന്നു: അക്ഷയ് കുമാര്‍ ചിത്രത്തെ പറ്റി ട്വിങ്കിള്‍ ഖന്ന
Film News
രക്ഷാ ബന്ധന്‍ കണ്ട് കണ്ണ് നിറയാതെ തിയേറ്ററില്‍ നിന്നും ഇറങ്ങാന്‍ വെല്ലുവിളിക്കുന്നു: അക്ഷയ് കുമാര്‍ ചിത്രത്തെ പറ്റി ട്വിങ്കിള്‍ ഖന്ന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th August 2022, 4:57 pm

രക്ഷാ ബന്ധന്‍ കണ്ടിട്ട് കണ്ണ് നിറയാതെ തിയേറ്റര്‍ വിടാന്‍ പ്രേക്ഷകരെ വെല്ലുവിളിച്ച് ട്വിങ്കിള്‍ ഖന്ന. സഹോദര സ്‌നേഹത്തിന്റെ മനോഹരമായ ലോകമാണ് ആനന്ദ് റായി സൃഷ്ടിച്ചതെന്നും അക്ഷയ് കുമാറിന്റെ ഭാര്യ കൂടിയായ ട്വിങ്കിള്‍ ഖന്ന പറഞ്ഞു. പ്രിവ്യു ഷോ കണ്ടതിന് ശേഷമാണ് ട്വിങ്കില്‍ ഖന്നയുടെ പ്രതികരണം.

‘രക്ഷാ ബന്ധന്‍ ഫസ്റ്റ് ഹാഫില്‍ ചിരിപ്പിക്കുകയും സെക്കന്റ് ഹാഫില്‍ കരയിപ്പിക്കുകയും ചെയ്തു. നാം കണ്ടില്ലെന്ന് നടിക്കുന്ന ഇന്ത്യയെ പറ്റിയുള്ള സിനിമ ആണിത്, ഇല്ലാതായെങ്കില്‍ എന്ന നാം ആഗ്രഹിക്കുന്ന യാഥാര്‍ത്ഥ്യത്തെ പറ്റിയുള്ള സിനിമ. സ്ത്രീധനത്തില്‍ നിന്നും നാം സമ്മാനത്തിലേക്ക് വാക്കുകളൊക്കെ മാറ്റി. ഇന്ത്യയിലുടനീളമുള്ള വീടുകളില്‍ ഈ ചടങ്ങ് പല തരത്തിലുണ്ട്.

പരസ്പരം കളിയാക്കുന്ന, പിന്തുണക്കുന്ന ഒടുവില്‍ വിജയം നേടുന്ന സഹോദരങ്ങളുടെ ലോകം ആനന്ദ് റായി മനോഹരമായി സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. ഒരു പക്ഷേ സിനിമക്ക് മാത്രമാകാം മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് തുളച്ചുകയറാനുള്ള ശക്തിയുള്ളത്. രക്ഷാ ബന്ധന്‍ നിങ്ങളെ ചിരിപ്പിക്കും, എന്നാല്‍ ചിത്രം കണ്ടുകഴിഞ്ഞ് കണ്ണ് നിറയാതെ തിയേറ്ററില്‍ നിന്നും ഇറങ്ങാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു,’ ട്വിങ്കിള്‍ പറഞ്ഞു.

ഓഗസ്റ്റ് 11നാണ് രക്ഷാബന്ധന്‍ റിലീസ് ചെയ്യുന്നത്. സീ സ്റ്റുഡിയോസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാമ സേതു, ഒ.എം.ജി. 2, സെല്‍ഫി, തമിഴ് ചിത്രം രാക്ഷസന്റെ റീമേക്ക്, സൂരരൈ പോട്ര് ചിത്രത്തിന്റെ റീമേക്ക് എന്നിവയാണ് അക്ഷയ് കുമാറിന്റെ പുതിയ പ്രോജക്റ്റുകള്‍.

Content Highlight: Twinkle Khanna challenged the audience to leave the theater without tears after watching Raksha Bandhan