എഡിറ്റര്‍
എഡിറ്റര്‍
ചാമ്പ്യന്‍സ്‌ലീഗ് ട്വന്റി-20: യോര്‍ക്ക്‌ഷെയറിന് അഞ്ച് വിക്കറ്റ് ജയം
എഡിറ്റര്‍
Wednesday 10th October 2012 5:19pm

ജൊഹാനസ്ബര്‍ഗ്: ഡേവിഡ് മില്ലര്‍ ആവേശമായി മാറിയ മത്സരത്തില്‍ യോര്‍ക്ക്ഷയറിന് അഞ്ചുവിക്കറ്റ് ജയം. ശ്രീലങ്കന്‍ ചാമ്പ്യന്മാരായ ഉവ നെക്സ്റ്റിനെ അഞ്ച്‌വിക്കറ്റിന് പരാജയപ്പെടുത്തിയാണ് യോര്‍ക്ക് ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 യോഗ്യതാ റൗണ്ടില്‍ പൂള്‍ രണ്ടിലെ ആദ്യജയം സ്വന്തമാക്കിയത്. ഉമര്‍ ഗുല്ലിന്റെ പന്ത് മൂക്കിലിടിച്ച് ചോരയൊലിപ്പിച്ച് ഗ്രൗണ്ടില്‍നിന്ന് മടങ്ങേണ്ടിവന്ന ദക്ഷിണാഫ്രിക്കക്കാരന്‍ മില്ലര്‍, അവസാന ഓവറുകളില്‍ തിരിച്ചെത്തുകയും അനായാസം ടീമിന് വിജയം നേടിക്കൊടുക്കുകയുമായിരുന്നു.

Ads By Google

സ്‌കോര്‍: ഉവ നെക്സ്റ്റ് 20 ഓവറില്‍ ഏഴിന് 150. യോര്‍ക്ക്ഷയര്‍ 19.3 ഓവറില്‍ അഞ്ചിന് 151. ടോസ് നേടിയ യോര്‍ക്ക് ലങ്കന്‍ ടീമിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മുന്‍ ഇംഗ്ലണ്ട് താരം റയാന്‍ സൈഡ് ബോട്ടത്തിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ബൗളിങ് നിരയെ സധൈര്യം നേരിട്ട ലങ്കന്‍ നിര, 151 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തുകയായിരുന്നു.

ട്വന്റി-20 ലോകകപ്പ് ടീമിലുണ്ടായിരുന്ന ദില്‍ഷന്‍ മുനവീരയും (19 പന്തില്‍ 22) ഭനുക രാജപക്ഷയും (21 പന്തില്‍ 24) ചേര്‍ന്ന് മികച്ച തുടക്കമാണ് ഉവയ്ക്ക് നല്‍കിയത്. വിന്‍ഡീസ് താരം ശിവ്‌നാരായണ്‍ ചന്ദര്‍പോളും (23 പന്തില്‍ 27) ക്യാപ്റ്റന്‍ തിലിന കണ്ടംബിയും (22 പന്തില്‍ 29 നോട്ടൗട്ട്) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചവെച്ചതോടെ ലങ്കന്‍ ടീം 150ല്‍ എത്തി.

യോര്‍ക്കിനുവേണ്ടി സ്റ്റീവന്‍ പാറ്റേഴ്‌സണ്‍, മോയിന്‍ അഷ്‌റഫ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഓപ്പണ്‍ ചെയ്ത മുന്‍ ഓസ്‌ട്രേലിയന്‍ താരം ഫില്‍ ജാക്വസിന്റെ ബാറ്റിങ്ങാണ് യോര്‍ക്കിന് മികച്ച തുടക്കം നല്‍കിയത്. 21 പന്തില്‍ 32 റണ്‍സാണ് ജാക്വസ് നേടിയത്. ജാക്വസിനെയും ഗാരി ബാലന്‍സിനെയും തുടരെ നഷ്ടമായെങ്കിലും ഡേവിഡ് മില്ലറും ഇംഗ്ലണ്ട് താരം ആദില്‍ റഷീദും ചേര്‍ന്ന് ടീമിനെ താങ്ങിനിര്‍ത്തി.

വ്യക്തിഗത സ്‌കോര്‍ 22ല്‍ നില്‍ക്കേ, ഉമര്‍ ഗുല്ലിന്റെ പന്ത് മുഖത്തിടിച്ച് മില്ലര്‍ പരിക്കേറ്റ് പോയത് യോര്‍ക്കിനെ പ്രതിസന്ധിയിലാക്കി. എന്നാല്‍ റഷീദും (36 നോട്ടൗട്ട്) ഡാന്‍ ഹോഡ്‌സണും (18) ചേര്‍ന്ന് ടീമിനെ ലക്ഷ്യത്തോട് അടുപ്പിച്ചു. അവസാന രണ്ടോവറുകളില്‍ 18 റണ്‍സ് വേണ്ടിയിരിക്കെയാണ് മുനവീരയ്ക്ക് മൂന്നാം വിക്കറ്റ് നല്‍കി ഹോഡ്‌സണ്‍ പുറത്തായത്. ക്രീസില്‍ തിരിച്ചെത്തിയ മില്ലര്‍, തുടരെ മൂന്ന് പന്തുകളില്‍ ഒരു സിക്‌സറും രണ്ട് ബൗണ്ടറികളും നേടി ടീമിന് അനായാസ വിജയം നേടിക്കൊടുക്കുകയായിരുന്നു.

29 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പെടെ 39 റണ്‍സോടെ മില്ലര്‍ പുറത്താകാതെ നിന്നു. 36 റണ്‍സോടെ പുറത്താകാതെ ടീമിനെ വിജയത്തിലെത്തിക്കുകയും ഒരു വിക്കറ്റ് നേടുകയും ചെയ്ത റഷീദാണ് കളിയിലെ കേമന്‍. ബുധനാഴ്ച വെസ്റ്റിന്‍ഡീസ് ടീം ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുമായാണ് യോര്‍ക്കിന്റെ അടുത്ത മത്സരം.

Advertisement