ട്വന്റി 20 ഒരു ചലഞ്ച് ആയിരുന്നു; അവാര്‍ഡ് കിട്ടുമെന്ന് പറഞ്ഞു: എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം
Malayalam Cinema
ട്വന്റി 20 ഒരു ചലഞ്ച് ആയിരുന്നു; അവാര്‍ഡ് കിട്ടുമെന്ന് പറഞ്ഞു: എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th October 2025, 6:31 pm

മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ട്വന്റി 20. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, മധു, ഭാവന എന്നിവര്‍ പ്രധാന വേഷത്തിലെത്തുകയും മറ്റ് ആര്‍ട്ടിസ്റ്റുകള്‍ സിനിമയുടെ ഭാഗമാകുകയും ചെയ്തു.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ഉദയ കൃഷ്ണ സിബി. കെ. തോമസ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം വലിയ വിജയമാണ് ബോക്‌സ് ഓഫീസിലും കാഴ്ച വെച്ചത്. ചിത്രം എഡിറ്റ് ചെയ്തത് രഞ്ജന്‍ എബ്രഹാം ആണ്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് എഡിറ്റര്‍.

‘ആ സിനിമയുടെ വര്‍ക്ക് വലിയൊരു ടാസ്‌ക് ആയിരുന്നു. പടം അവസാനം കണ്ടുകണ്ട് കഴിഞ്ഞ് ജോഷി സാര്‍ ‘ഗംഭീര വര്‍ക്ക് ആടോ തന്റെ, തനിക്ക് എന്തെങ്കിലും ഒക്കെ അവാര്‍ഡ് കിട്ടും’ എന്ന് പറഞ്ഞു. എന്നാല്‍ ആ പടത്തിന്റെ എഡിറ്റിങ്ങിന് ഒരു അവാര്‍ഡും കിട്ടിയില്ല.

എല്ലാ അഭിനേതാക്കളെയും ബാലന്‍സ് ചെയ്യുക, ഒരാളുടെ ഡയലോഗും കൂടാനോ കുറയാനോ പാടില്ല എന്ന ടാസ്‌ക് ഉണ്ടായിരുന്നു. പക്ഷെ ആ സിനിമയെ എല്ലാവരും ആഗ്രഹിച്ച രീതിയില്‍ എത്തിക്കാന്‍ പറ്റിയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്,’ രഞ്ജന്‍ എബ്രഹാം പറഞ്ഞു. റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു രഞ്ജന്‍ എബ്രഹാം.

ദേവരാജപ്രതാപ വര്‍മയായി മോഹന്‍ലാലും അഡ്വക്കേറ്റ് രമേശ് നമ്പ്യാരായി മമ്മൂട്ടിയും ആന്റണി പുന്നേക്കാടന്‍ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപിയും ചിത്രത്തിലെ മറ്റുള്ളവരും ഗംഭീര പ്രകടനം നടത്തി. ചിത്രത്തിന് ആദ്യദിനത്തില്‍ തന്നെ ഒരു കോടിക്ക് മേലെ കളക്ഷന്‍ കിട്ടി.

AMMA യുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹാരണ ഉദ്ദേശത്തോടെയാണ് ഈ ചിത്രം നിര്‍മിച്ചത്. ചിത്രത്തില്‍ അഭിനയിച്ച എല്ലാവരും പ്രതിഫലം വാങ്ങാതെയായിരുന്നു ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.

Content Highlight: Twenty 20 was a challenge; Was told I would get an award: Editor Ranjan Abraham