തമിഴ്‌നാട് ഗവര്‍ണറുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ വിജയ്‌യും പങ്കെടുക്കില്ല
India
തമിഴ്‌നാട് ഗവര്‍ണറുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ വിജയ്‌യും പങ്കെടുക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th August 2025, 8:37 pm

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌യും പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ ക്ഷണം വിജയ് നിരസിച്ചതായാണ് വിവരം

ഗവര്‍ണറുടെ പരിപാടിയില്‍ വിജയ് പങ്കെടുക്കുമോ എന്നതില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുയര്‍ന്നിരുന്നു. ഇതിനിടെയാണ് വിജയ് ക്ഷണം നിരസിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ ഗവര്‍ണറുടെ മാന്‍ഷനില്‍ നടക്കുന്ന ചായ സല്‍ക്കാരത്തിലേക്ക് ടി.വി.കെ അടക്കമുള്ള സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്ഷണം ലഭിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നത്. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ നടത്തിയ ചായ സല്‍ക്കാരത്തില്‍ നിന്നും വിജയ് വിട്ടുനിന്നിരുന്നു. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുളള ഡി.എം.കെ സര്‍ക്കാരും മറ്റു പാര്‍ട്ടികളും ഗവര്‍ണറുടെ പരിപാടി ബഹിഷ്‌കരിച്ചിരുന്നു.

നിയമസഭാ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ചതിന്മേലുള്ള പ്രതിഷേധ സൂചകമായാണ് ഗവര്‍ണറുടെ സല്‍ക്കാരത്തില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനിന്നത്. തമിഴ്‌നാട്ടിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ബില്ലുകള്‍ ഗവര്‍ണര്‍ തിരിച്ചയക്കുകയായിരുന്നു.

പിന്നീട് ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച സുപ്രീം കോടതി, ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് സമയം നിശ്ചയിച്ച് വിധി പുറപ്പെടുവിച്ചിരുന്നു.

ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഭരണഘടന നിലവില്‍ വന്ന ശേഷം ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ലെന്നുമാണ് ആര്‍.എന്‍. രവിക്കെതിരായ വിധിയില്‍ സുപ്രീം കോടതി പറഞ്ഞത്.

നിലവില്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, വിടുതലൈ സിരുത്തൈഗല്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ഗവര്‍ണറുടെ പരിപാടി ബഹിഷ്‌കരിച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കൈയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാതെ ഗവേഷക നടത്തിയ പ്രതിഷേധം വലിയ വിവാദമായിരുന്നു.

തിരുനെല്‍വേലി മനോണ്‍മണിയം സുന്ദരനാര്‍ സര്‍വകലാശാലയിലാണ് സംഭവം നടന്നത്. ജീന്‍ ജോസഫ് എന്ന ഗവേഷക വിദ്യാര്‍ത്ഥി ഗവര്‍ണറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാതെ വൈസ് ചാന്‍സലറില്‍ നിന്ന് അംഗീകാരം ഏറ്റുവാങ്ങുകയായിരുന്നു.

വി.സി എന്‍. ചന്ദ്രശേഖറാണ് ഗവേഷകയ്ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ഗവേഷക, ഗവര്‍ണര്‍ തമിഴ്നാടിനും ഇവിടുത്തെ ജനങ്ങള്‍ക്കും എതിരാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാതിരുന്നതെന്നും പറഞ്ഞിരുന്നു.

Content Highlight: Vijay will not attend Tamil Nadu Governor’s Independence Day celebrations