സഖ്യത്തിനില്ലെന്ന് സൂചന; ഡി.എം.കെയ്ക്കും ബി.ജെ.പിക്കുമെതിരെ പോരാടുമെന്നും ടി.വി.കെ
India
സഖ്യത്തിനില്ലെന്ന് സൂചന; ഡി.എം.കെയ്ക്കും ബി.ജെ.പിക്കുമെതിരെ പോരാടുമെന്നും ടി.വി.കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th August 2025, 4:21 pm

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തമിഴക വെട്രി കഴകം പൂര്‍ണ സജ്ജരാണെന്ന് പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ്. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ ശത്രുക്കള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനില്‍ക്കുമെന്നും വിജയ് പറഞ്ഞു. മധുരയില്‍ നടക്കാനിരിക്കുന്ന ടി.വി.കെയുടെ സമ്മേളനത്തിലേക്ക് പ്രവര്‍ത്തകരെ ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് വിജയ്‌യുടെ പരാമര്‍ശം.

ജനാധിപത്യ യുദ്ധത്തിലൂടെ ശത്രുക്കളെ പരാജയപ്പെടുത്തുക എന്നതാണ് ടി.വി.കെയുടെ ലക്ഷ്യമെന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി നല്ല ഭരണം സ്ഥാപിക്കണമെന്നതും ടി.വി.കെയുടെ ലക്ഷ്യങ്ങളിലൊന്നാണെന്ന് കത്തില്‍ പറയുന്നുണ്ട്.

2024 ഒക്ടോബര്‍ 27ന് വില്ലുപുരത്ത് നടന്ന പാര്‍ട്ടിയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് വിജയ് ടി.വി.കെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സമ്മേളനത്തില്‍ ബി.ജെ.പി ആശയപരമായി എതിരാളിയും രാഷ്ട്രീയ എതിരാളി ഡി.എം.കെയുമാണെന്നും വിജയ് പറഞ്ഞിരുന്നു.

ടി.വി.കെ ആരുടേയും എ ടീമോ ബി ടീമോ അല്ല. പണത്തിന് വേണ്ടിയല്ല, മാന്യമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കും. തറയും ചുമരും ഒരുപോലെ ശക്തമായാല്‍ മാത്രമേ വീടിന് ഉറപ്പുണ്ടാവുകയുള്ളുവെന്നും വിജയ് ചൂണ്ടിക്കാട്ടിയിരുന്നു.

ഇക്കാര്യം തന്നെയാണ് വിജയ് കത്തിലൂടെയും ആവര്‍ത്തിച്ചിരിക്കുന്നത്. ടി.വി.കെയാണ് ബദല്‍ ശക്തിയെന്നും നമ്മളാണ് പ്രാഥമിക ശക്തിയെന്ന് ലോകത്തിന് കാണിച്ചുനല്‍കണമെന്നും വിജയ് പറഞ്ഞു. കത്തില്‍ എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യത്തെ കുറിച്ച് വിജയ് പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ടി.വി.കെയാണ് ബദല്‍ ശക്തിയെന്ന് ചൂണ്ടിക്കാട്ടുന്നുമുണ്ട്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മധുരയിലെ സമ്മേളനത്തില്‍ വെച്ച് ടി.വി.കെ സഖ്യം ചേരുമോ എന്നതില്‍ വിജയ് വ്യക്തത നല്‍കും. നേരത്തെ ബി.ജെ.പിക്ക് മുന്നില്‍ മുട്ടുകുത്താന്‍ ടി.വി.കെ ഡി.എം.കെയോ എ.ഐ.എ.ഡി.എം.കെയോ അല്ലെന്ന് വിജയ് പറഞ്ഞിരുന്നു.

വെല്ലുവിളികള്‍ ഒരുപാട് ഉണ്ടായിട്ടും അതിനെയെല്ലാം ടി.വി.കെ മറികടന്നുവെന്നും വിജയ് പറഞ്ഞു. എത്ര പ്രതിസന്ധിയുണ്ടായാലും ജനങ്ങളുടെ ശക്തിയാല്‍ മുന്നോട്ടുപോകുമെന്നും കത്തില്‍ പറയുന്നുണ്ട്.

അതേസമയം 2025 ഫെബ്രുവരിയില്‍ മഹാബലിപുരത്ത് വെച്ച് നടന്ന ടി.വി.കെയുടെ പാര്‍ട്ടി സമ്മേളനത്തില്‍ മുന്‍ രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍ സൂരജ് പാര്‍ട്ടി അധ്യക്ഷനുമായ പ്രശാന്ത് കിഷോറും പങ്കെടുത്തിരുന്നു.

ജന്‍ സൂരജ് പാര്‍ട്ടിയും ടി.വി.കെയും സഖ്യം ചേരുമെന്ന ഊഹാപോഹങ്ങള്‍ക്ക് വിട നല്‍കിക്കൊണ്ടായിരുന്നു പ്രശാന്ത് കിഷോര്‍ സമ്മേളന വേദിയിലെത്തിയത്. എന്നാല്‍ ജന്‍ സൂരജ് പാര്‍ട്ടിയുമായുള്ള സഖ്യം ചേരലിലും ടി.വി.കെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlight: Indications that there is no alliance; TVK says it will fight against DMK and BJP