ചെന്നൈ: കരൂരിലെ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നില്‍ ഡി.എം.കെയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
കരൂര്‍ ദുരന്തത്തിന്റെ പേരില്‍ കിംവദന്തികള്‍ പരത്തരുതെന്ന് സ്റ്റാലിന്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം ഡി.എം.കെയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വീഡിയോ പുറത്തെത്തിയത്.
മുന്‍മന്ത്രിയും ഡി.എം.കെ എം.എല്‍.എയുമായ സെന്തില്‍ ബാലാജിയുടെ മനപൂര്‍വമായ ഇടപെടലാണ് ദുരന്തമുണ്ടാക്കിയതെന്നാണ് ടി.വി.കെയുടെ ആരോപണം.
റാലി അലങ്കോലമാക്കാന്‍ സെന്തില്‍ ബാലാജി ഇടപെട്ടു. റാലിയിലേക്ക് സെന്തില്‍ ബാലാജി ഏര്‍പ്പാടാക്കിയ ഗുണ്ടകള്‍ നുഴഞ്ഞുകയറിയെന്നും അവരാണ് ദുരന്തത്തിന് വഴിവെച്ചതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ടി.വി.കെ ആരോപിക്കുന്നു. കരൂരിലെ ദുരന്തത്തില്‍ ടി.വി.കെക്കും റാലിക്ക് നേതൃത്വം നല്‍കിയ വിജയ്ക്കും നേരെ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് പാര്‍ട്ടി ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന ഹരജി സമര്‍പ്പിച്ചത്.
റാലിയിലേക്കുള്ള വൈദ്യുതി മനപൂര്‍വം വിച്ഛേദിച്ചു. ഇടുങ്ങിയ പ്രദേശമാണ് റാലിക്കായി അനുവദിച്ചത്. ഇക്കാര്യങ്ങളിലെല്ലാം ഡി.എം.കെയെ സംശയമുണ്ടെന്നാണ് ടി.വി.കെ പറയുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിജയ്ക്ക് നേരെ കല്ലേറുണ്ടായെന്നും ടി.വി.കെ ആരോപിച്ചു.



