ടി.വി.കെ റാലിയിലെ ​ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം, പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം
India
ടി.വി.കെ റാലിയിലെ ​ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം, പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th September 2025, 10:53 pm

ചെന്നൈ: ടി.വി.കെ നേതാവും നടനുമായ വിജയ് നടത്തിയ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.

നിലവിൽ 36 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. മരണപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. രണ്ട് ലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്ന് തന്നെ കരൂരിൽ എത്തും. നിലവിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.

ഇന്ന് രാത്രി ഏഴരയോടെ നാമക്കലിലാണ് സംഭവം. വിജയിയുടെ പ്രസംഗത്തിനിടെ ഇരുപതോളം പേർ കുഴഞ്ഞ് വീണിരുന്നു. സംഭവത്തിന് പിന്നാലെ പ്രസംഗം നിർത്തി വിജയ് മടങ്ങിപ്പോകുകയും ചെയ്തിരുന്നു.

അതേസമയം, കരൂരിൽ നിന്നുള്ള വാർത്തകൾ ആശങ്കാജനകമാണെന്നും അടിയന്തര സഹായങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് സ്റ്റാലിൻ വിവരം അറിയിച്ചത്. വൻ അപകടം നടന്നതിൽ വിജയിയെ അറസ്റ്റ് ചെയ്യണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു.

മരിച്ചവർക്ക് നിരവധി പേർ അനുശോചനം അറിയിച്ചു. നാമക്കലിലെ ദുരന്തം ദൗർഭാഗ്യകരമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. തന്റെ ഹൃദയം മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പമെന്നും പരിക്കേറ്റ ആളുകൾക്ക് ഉടൻ തന്നെ സുഖം പ്രാപിക്കട്ടെയെന്നും മോദി എക്‌സിൽ കുറിച്ചു.

രാജ്നാഥ് സിങ്ങും അനുശോചനമറിയിച്ചു. നടനും രാജ്യസഭാ അംഗവുമായ കമൽഹാസനും അപകടത്തിൽ അനുശേചനം അറിയിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് ഒരു മണിക്ക് വേദിയിലെത്തുമെന്നായിരുന്നു വിജയ് അറിയിച്ചിരുന്നത്. എന്നാൽ ആറ് മണിക്കൂർ വൈകി വൈകീട്ട് ഏഴരയോടെയാണ് വിജയ് സ്ഥലത്തെത്തിയത്.

അത്രയേറെ നേരം വിജയിയെ കാത്തിരുന്നിട്ടും ക്ഷീണിതരായ ആളുകൾ പിരിഞ്ഞുപോകാൻ തയ്യാറായിരുന്നില്ല. വിജയ് എത്തിയതോടെ ആരാധകരുൾപ്പടെ ഇളകി മറിഞ്ഞതും തിക്കും തിരക്കും രൂപപ്പെട്ടതുമാണ് അപകടം രൂക്ഷമാക്കിയത്. അതോടൊപ്പം വെള്ളക്കുപ്പി ജനങ്ങൾക്കിടയിലേക്ക് വലിച്ചെറിഞ്ഞതും അപകടത്തിൻ്റെ വ്യാപ്തി കൂടി.

കിലോമീറ്റർ നീണ്ട ജനങ്ങളുടെ നിരയാണ് പ്രദേശത്തുണ്ടായത്. അപകടത്തിന് ശേഷം ആംബുലൻസിന് സ്ഥലത്തേക്ക് എത്താൻ സാധിച്ചിരുന്നില്ല. ഇതും അപകടത്തിന്റെ വ്യാപ്തി കൂട്ടി.

Content Highlight: TVK rally tragedy: Rs 10 lakh to families of deceased, Rs 1 lakh to injured