ബി.ജെ.പിയുടെ ആദ്യ അടിമകളിലൊന്ന് ഡി.എം.കെയാണ്: വിജയ്
national news
ബി.ജെ.പിയുടെ ആദ്യ അടിമകളിലൊന്ന് ഡി.എം.കെയാണ്: വിജയ്
ആദര്‍ശ് എം.കെ.
Thursday, 25th December 2025, 9:18 am

 

ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴക (ഡി.എം.കെ)ത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷന്‍ വിജയ്. ബി.ജെ.പിയുടെ പാളയത്തില്‍ അഭയം തേടിയ പാര്‍ട്ടിയാണ് ഡി.എം.കെയെന്നും അവര്‍ ബി.ജെ.പിയുടെ ആദ്യ അടിമകളകളിലൊന്നാണെന്നും വിജയ് കുറ്റപ്പെടുത്തി.

ചില പാര്‍ട്ടികള്‍ ബി.ജെ.പിയുടെ പുതിയ അടിമകളായി പ്രവര്‍ത്തിക്കുന്നുവെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു വിജയ്. ഒരു പാര്‍ട്ടിയുടെയും പേരെടുത്ത് പറയാതെയായിരുന്നു സ്റ്റാലിന്റെ വിമര്‍ശനമെങ്കിലും അത് കൃത്യമായി വിജയ്‌യെയും ടി.വി.കെയെയും ലക്ഷ്യമിട്ട് തന്നെയുള്ളതായിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ ‘പഴയ അടിമകള്‍’, ‘പുതിയ അടിമകള്‍’ പരാമര്‍ശം സ്വയം രസിപ്പിക്കാന്‍ വേണ്ടിയുള്ളതെന്നായിരുന്നു വിജയ്‌യുടെ വിമര്‍ശനം.

‘നമുക്ക് നേരെയാണ് കല്ലെറിയുന്നതെന്ന് അവര്‍ക്ക് തോന്നുന്നുണ്ടെങ്കിലും മുഖംമൂടിയഴിച്ച് കണ്ണാടിക്ക് മുമ്പിലാണ് നില്‍ക്കുന്നതെന്ന് അവര്‍ മറന്നുപോയി,’ ഡി.എം.കെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിനെ ചൂണ്ടിക്കാട്ടി വിജയ് കുറ്റപ്പെടുത്തി.

തമിഴ്‌നാട്ടില്‍ ആദ്യമായി താമര വിരിയുന്നത് കണ്ടത് ഡി.എം.കെയാണെന്നും വിജയ് കുറ്റപ്പെടുത്തി.

തന്റെ പാര്‍ട്ടി ജനങ്ങളിലേക്കെത്തുന്നത് തടയാനായി സംസ്ഥാന സര്‍ക്കാറും ഡി.എം.കെയും തങ്ങളെക്കൊണ്ടാവുന്നത് പോലെ ശ്രമിക്കുന്നുണ്ടെന്നും ഈറോഡിലെ തന്റെ പൊതുപരിപാടിക്ക് ഇതുവരെയില്ലാത്ത തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും വിജയ് പറഞ്ഞു.

വലിയ തോതിലുള്ള നിയന്ത്രണങ്ങളുണ്ടായിട്ടും തങ്ങള്‍ ജനങ്ങളെ കാണുകയും ശബ്ദമുയര്‍ത്തുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുജനങ്ങളില്‍ നിന്നും യുവാക്കളില്‍ നിന്നും സ്ത്രീകളില്‍ നിന്നും ലഭിക്കുന്ന പിന്തുണയില്‍ ടി.വി.കെയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അസ്വസ്ഥരാണെന്നും ജനക്കൂട്ടം പോളിങ് ബൂത്തിലെത്തി തനിക്ക് വോട്ട് ചെയ്യുമെന്നും വിജയ് അവകാശപ്പെട്ടു.

 

Content Highlight: TVK president Vijay slams DMK and MK Stalin

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.