കരൂർ ദുരന്തം: ടി.വി.കെ പ്രാദേശിക നേതാവ് ജീവനൊടുക്കി; ദുരന്തത്തിന് കാരണം മുൻ മന്ത്രിയെന്ന് ആത്മഹത്യാക്കുറിപ്പ്
India
കരൂർ ദുരന്തം: ടി.വി.കെ പ്രാദേശിക നേതാവ് ജീവനൊടുക്കി; ദുരന്തത്തിന് കാരണം മുൻ മന്ത്രിയെന്ന് ആത്മഹത്യാക്കുറിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th September 2025, 8:14 am

ചെന്നൈ: 41 പേർ മരിച്ച കരൂർ ദുരന്തത്തിന് പിന്നാലെ ടി.വി.കെ പ്രാദേശിക നേതാവ് ജീവനൊടുക്കി. ടി.വി.കെ ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പനാണ് മരിച്ചത്. വില്ലുപുരം സ്വദേശിയായ അയ്യപ്പനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ദുരന്തത്തിന് കാരണം മുൻ മന്ത്രിയും ഡി.എം.കെ എം.എൽ.എയുമായ വി. സെന്തിൽ ബാലാജിയാണെന്നും പരിപാടിയിൽ സെന്തിൽ ബാലാജി സമ്മർദം ചെലുത്തിയെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

സെന്തിൽ ബാലാജിയെ ജയിലിൽ അടക്കണമെന്നും സംഭവത്തെക്കുറിച്ച് അന്വേിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെട്ടു. കത്തും ഫോണും പൊലീസ് പിടിച്ചെടുത്തു.

സംഭവത്തിന് ശേഷം അദ്ദേഹത്തെ അസ്വസ്ഥനായി കാണപ്പെട്ടതായി അയ്യപ്പന്റെ അയൽക്കാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോകളും വാർത്തകളും അദ്ദേഹം കാണാറുണ്ടായിരുന്നെന്നും അവർ പറഞ്ഞു.

അതേസമയം, സംഭവത്തിൽ ആദ്യ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. റാലിയുടെ സംഘാടകരിൽ ഒരാളായ ടി.വി.കെ ജില്ലാ സെക്രട്ടറി മതിയഴകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന് ശേഷം മതിയഴകൻ ഒളിവിൽ പോയിരുന്നു. മനപൂർവമല്ലാത്തനരഹത്യാക്കുറ്റം അടക്കം നിലവിൽ അഞ്ച് വകുപ്പുകളാണ് മതിയഴകനെതിരെ ചുമത്തിയിട്ടുള്ളത്.

മതിയഴകനെ കൂടാതെ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആനന്ദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി
സി.ടി.ആർ നിർമൽ കുമാർ, മറ്റ് ടി.വി.കെ പ്രവർത്തകർ എന്നിവരെ പ്രതികളാക്കി പൊലീസ് നേരത്തെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു.

നടൻ വിജയ്‌യുടെയും ടി.വി.കെയുടെയും പേരിൽ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഉച്ചയ്ക്ക് തുടങ്ങേണ്ട പരിപാടി മണിക്കൂറുകൾ വൈകിയാണ് വിജയ് എത്തിയതെന്നും ജനക്കൂട്ടത്തെ ആകർഷിക്കാനും ശക്തിപ്രകടനത്തിനുള്ള ഉപാധിയായാണ് പരിപാടിയെ കണ്ടതെന്നും എഫ്. ഐ.ആറിൽ പറയുന്നു. വിജയ് മനപൂർവമാണ് പരിപാടിയിൽ എത്താൻ വൈകിയതെന്നും ചൂണ്ടിക്കാണിക്കുന്നു. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. വിജയ്‌യേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുയരുന്നുണ്ട്.

അതേസമയം, പരിപാടിക്കായി സ്ഥലം അനുവദിച്ചതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും ആൾക്കൂട്ടം തടിച്ചുകൂടിയപ്പോൾ വേണ്ട മുൻകരുതൽ സ്വീകരിച്ചില്ലെന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ട്.

പതിനായിരം പേർക്കാണ് റാലിയിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നതെങ്കിലും ടി.വി.കെ റാലിയുടെ സ്വഭാവം പരിഗണിച്ച് വേണ്ടത്ര സുരക്ഷയൊരുക്കുന്നതിലും മുൻകരുതലുകൾ സ്വീകരിക്കുന്നതിലും വീഴ്ചയുണ്ടായെന്നും ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിയന്തര സാഹചര്യം നേരിടാൻ സാധിച്ചില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Content Highlight:  TVK local leader commits suicide