ടി.വി.കെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയല്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയില്‍
India
ടി.വി.കെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയല്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th October 2025, 8:36 pm

ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകം (ടി.വി.കെ) അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് മദ്രാസ് ഹൈക്കോടതിയില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ടി.വി.കെയുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി. സെല്‍വ കുമാര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

ടി.വി.കെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയല്ലാത്തതിനാല്‍ തന്നെ അംഗീകാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി നിലനില്‍ക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ നിരഞ്ജന്‍ രാജഗോപാല്‍ കോടതിയെ ബോധിപ്പിച്ചു. ചീഫ് ജസ്റ്റിസ് എം.എം ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുള്‍ മുരുകന്‍ എന്നിവരടങ്ങിയ ഫസ്റ്റ് ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കരൂരിലെ ടി.വി.കെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ കൊല്ലപ്പെട്ട സംഭവത്തിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 27നാണ് അപകടമുണ്ടായത്.

നേരത്തെ ഈ ഹരജി ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുമ്പാകെയാണ് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഒന്നാംകക്ഷി തെരഞ്ഞെടുപ്പ് കമ്മീഷനായതിനാല്‍ തന്നെ ഹരജി ഫസ്റ്റ് ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യുകയായിരുന്നു.

സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ റാലികളിലും യാത്രകളിലും സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്നത് നിരോധിക്കണമെന്നും സെല്‍വകുമാറിന്റെ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും 2024 ഫെബ്രുവരി 5ലെ ഈ നിര്‍ദേശം പാലിക്കണമെന്നും അല്ലാത്തപക്ഷം പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

നിയമവിരുദ്ധമായി സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി ടി.വി.കെ വലിയ ദുരന്തമാണ് വരുത്തിവെച്ചത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ കുറ്റം ചുമത്താന്‍ കോടി നിര്‍ദേശിക്കണം. മരിച്ചവര്‍ക്ക് ഒരു കോടി രൂപയില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കണം.

പരിക്കേറ്റവര്‍ക്കും ആനുപാതികമായ ധനസഹായം നല്‍കാന്‍ ടി.വി.കെയോട് ആവശ്യപ്പെടണം തുടങ്ങിയവയാണ് സെല്‍വകുമാറിന്റെ ഹരജിയിലെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍.

അതേസമയം, കരൂരിലെ ദുരന്തം സംബന്ധിച്ച എല്ലാ കേസുകളും ഹൈക്കോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവിലേക്ക് റഫര്‍ ചെയ്യാനും, സുപ്രീംകോടതിയുടെ പരിഗണനയിലുള്ളവ ഒഴികെയുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഒരു ബെഞ്ച് രൂപീകരിക്കാനും രജിസ്ട്രിയോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlight: TVK is not a recognized political party; Election Commission tells Madras High Court