ചെന്നൈ: കരൂർ ദുരന്തത്തിൽ വിശദീകരണം നൽകി എ.ഡി.ജി.പി എസ്. ഡേവിഡ് സൺ ദേവസിർവാദം. ടി.വി.കെ യുടെ റാലിയിൽ നടന്ന അപകടത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എ.ഡി.ജി.പി പറഞ്ഞു. ടി.വി.കെ സമയക്രമം പാലിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിജയിയുടെ വാഹനത്തിനു പിന്നാലെ വന്നവരും കരൂരിലേക്ക് എത്തിയിരുന്നു. പൊലീസിന്റെ കൃത്യനിർവഹണത്തെ ആൾക്കൂട്ടം തടസപ്പെടുത്തിയെന്നും വിജയ് വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ വൈകിയെന്നും ഡേവിഡ്സൺ പറഞ്ഞു. ഇതോടെ ആൾക്കൂട്ടം അസ്വസ്ഥരാവുകയും തിക്കും തിരക്കും ഉണ്ടാവുകയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ദുരന്തത്തിൽ ടി.വി.കെയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹരജി നൽകി. റാലി, പൊതുസമ്മേളനം എന്നിവയ്ക്കുള്ള പോലീസ് അനുമതി തടയണമെന്ന് ആവശ്യവുമായി കരൂർ സ്വദേശി എൻ.സെന്തിൽ കണ്ണനാണ് ഹരജി സമർപ്പിച്ചത്. ഹരജി ഇന്ന് (ഞായർ) വൈകീട്ട് നാലരയ്ക്ക് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.