ചെന്നൈ: ജനനായകനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ വിജയ്‌യെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇടപെടലില്‍ വിശദീകരണവുമായി തമിഴക വെട്രി കഴകം. രാഹുല്‍ ഗാന്ധിയുടേത് സൗഹൃദപരമായ ഇടപെടലാണെന്ന് ടി.വി. കെ നേതാക്കള്‍ പറഞ്ഞു.
കരൂര്‍ ദുരന്ത സമയത്തും രാഹുല്‍ വിജയിയെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും നിലവില്‍ അദ്ദേഹം നല്‍കിയ പിന്തുണയും സൗഹൃദത്തിന്റെ ഭാഗമാണെന്നും പാര്‍ട്ടി വക്താവ് സി.ടി.ആര്‍. നിര്‍മല്‍ കുമാര്‍ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സഖ്യത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും വിജയ് തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി. വിരുദ്ധ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റിയും നിലപാട് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികളെയും സെന്‍സര്‍ ബോര്‍ഡിന്റെ ജനാധിപത്യ വിരുദ്ധ രീതിയെയും തുറന്നുകാട്ടുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. തമിഴ്നാട്ടില്‍ ഡി.എം.കെ. സഖ്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും ഇതില്‍ ഇരുന്നൂറു ശതമാനം വ്യക്തതയുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ് കളിക്കുന്നത് രാഷ്ട്രീയ നാടകം മാത്രമാണെന്ന് ബി.ജെ.പി. ആരോപിച്ചു. സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കുന്നത് ലജ്ജാകരമാണെന്നും ബി.ജെ.പി. വക്താവ് നാരായണന്‍ തിരുപ്പതി പ്രതികരിച്ചു.
സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്തത് തമിഴ് സംസ്‌കാരത്തിന് മേലെയുള്ള കടന്നുകയറ്റമാണെന്നായിരുന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത്. തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ക്ലിയറന്‍സ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ നിര്‍മാതാക്കളായ കെ.വി.എന്‍. പ്രൊഡക്ഷന്‍സ് ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സിനിമയുടെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് തമിഴ് രാഷ്ട്രീയത്തില്‍ ഈ വാക്‌പോര് ഉടലെടുത്തത്.
വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുന്‍പുള്ള അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ജനനായകന്‍ ജനുവരി 9-ന് തിയേറ്ററില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയവും ചിത്രത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതായി ആരോപണങ്ങള്‍ ഉയന്നതോടെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
Content Highlight: TVK calls Rahul’s support to ‘Jana Nayagan’ a ‘friendly gesture’