പൂച്ചയുടെ നഗ്‌നശരീരം തന്റെ നഗ്‌നതയാക്കി മാറ്റുന്നു; അധ്യാപകന്റെ സസ്പെന്‍ഷനില്‍ വി.ഡി സതീശന്‍ തെറ്റിദ്ധരിപ്പിക്കുന്നെന്ന് വിമര്‍ശനം
Kerala
പൂച്ചയുടെ നഗ്‌നശരീരം തന്റെ നഗ്‌നതയാക്കി മാറ്റുന്നു; അധ്യാപകന്റെ സസ്പെന്‍ഷനില്‍ വി.ഡി സതീശന്‍ തെറ്റിദ്ധരിപ്പിക്കുന്നെന്ന് വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th May 2026, 2:16 pm

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ പോസ്റ്റിന്റെ പേരില്‍ വിരമിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തത് വിശദീകരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി വി.ഡി സതീശന്റെ വിശദീകരണം വിവാദമാകുന്നു.

മുഖ്യമന്ത്രിയെ പരിഹസിക്കുന്ന പോസ്റ്റ് പങ്കുവെച്ചു എന്നാരോപിച്ച് ആറ്റിങ്ങല്‍ ഗവ. ബോയ്സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജാവേദ് സുബൈറിനെ സസ്പെന്‍ഡ് ചെയ്തിലുള്ള മുഖ്യമന്ത്രിയുടെ വിശദീകരണത്തിനെതിരെ മുന്‍ ജഡ്ജി എസ്. സുദീപും വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് സജീദ് ഖാലിദും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വിശദീകരണങ്ങളെയും സര്‍ക്കാര്‍ നടപടിയെയും കടുത്ത ഭാഷയിലാണ് ഇരുവരും വിമര്‍ശിച്ചത്.

സര്‍ക്കാര്‍ ഖജനാവിനെക്കുറിച്ചുള്ള വസ്തുതകള്‍ ചൂണ്ടിക്കാണിച്ച പ്രിന്‍സിപ്പലിനെ പുറത്താക്കിയ നടപടി, ‘രാജാവ് നഗ്‌നനാണെന്ന് വിളിച്ചുപറഞ്ഞ കുട്ടിയുടെ കഥ’ പോലെയാണെന്ന് എസ്. സുദീപ് പറഞ്ഞു.

പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, തന്റെ തലയും അതിനു താഴെ മറ്റൊരാളുടെ നഗ്‌നശരീരവുമായി പോസ്റ്റിട്ടാല്‍ നടപടിയെടുക്കേണ്ടേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. എന്നാല്‍ ആ ‘മറ്റൊരാള്‍’ ഒരു പൂച്ചയാണെന്ന വസ്തുത മുഖ്യമന്ത്രി സമര്‍ത്ഥമായി മറച്ചുവെച്ചെന്ന് സുദീപ് പറയുന്നു.

‘ഖജനാവില്‍ പൂച്ച പെറ്റുകിടക്കുന്നു എന്ന് മുന്‍പ് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. എന്നാല്‍ വെറും രണ്ടു ദിവസം കൊണ്ട് അയ്യായിരത്തിലധികം കോടി രൂപയുടെ ചിലവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കണക്കുകള്‍ കാണിക്കുന്ന ഒരു കാര്‍ഡാണ് പ്രിന്‍സിപ്പല്‍ പങ്കുവെച്ചത്. ആ കാര്‍ഡില്‍ വെള്ളക്കുപ്പായവും വേഷ്ടിയും ധരിച്ച മുഖ്യമന്ത്രിയുടെ മടിയില്‍ ഒരു നഗ്‌നനായ പൂച്ച കിടക്കുന്ന ചിത്രമാണുണ്ടായിരുന്നത്.

മനുഷ്യന്റെ മുഖവും കൈപ്പത്തിയും പാദവും കേരളത്തില്‍ സ്വകാര്യഭാഗങ്ങളല്ല. പൂച്ചകള്‍ സാധാരണ ഉടുപ്പിടാറുമില്ല. പൂച്ചയുടെ നഗ്‌നശരീരത്തെ തന്റെ നഗ്‌നശരീരമായി ചിത്രീകരിച്ചു എന്ന് വരുത്തിത്തീര്‍ത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്,’ സുദീപ് പറഞ്ഞു.

പ്രിന്‍സിപ്പല്‍, രാജാവിനെക്കുറിച്ചു പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. വി ഫോര്‍ വെറും, ഡി ഫോര്‍ ഡയലോഗ്! എന്നെക്കൂടി ഒന്നു സസ്പെന്റ് ചെയ്യ്, രാജാവേ! എന്ന് പറഞ്ഞാണ് സുദീപ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു എന്നാരോപിച്ച് നിലവില്‍ രണ്ടുപേരെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുള്ളതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് സജീദ് ഖാലിദും ഫേസ്ബുക്കില്‍ ചൂണ്ടിക്കാട്ടി.

‘നെടുങ്കണ്ടം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ സുനില്‍കുമാര്‍, ആറ്റിങ്ങല്‍ ഗവ. ബോയ്സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജാവേദ് സുബൈര്‍ എന്നിവരാണ് സസ്പെന്‍ഷനിലായത്. ഇതില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പോസ്റ്റ് നിയമപരമായി കേസെടുക്കേണ്ട ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പങ്കുവെച്ച പോസ്റ്റ് വെറുമൊരു ആക്ഷേപഹാസ്യം മാത്രമാണ്.

അതിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് പൗരസ്വാതന്ത്ര്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ്. ഈ നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സജീദ് പറഞ്ഞു.

പ്രിന്‍സിപ്പലിന്റെ സസ്പെന്‍ഷനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മറുപടി നല്‍കിയത് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മോശം പോസ്റ്റിനെക്കുറിച്ചായിരുന്നു. ചോദ്യം വ്യക്തമാകാത്തതാണോ അതോ ബോധപൂര്‍വ്വം വിഷയം മാറ്റിപ്പറഞ്ഞതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുന്‍പ് പിണറായി വിജയന്റെ കാലത്തും സമാനമായ രീതിയില്‍ നിരവധി പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു. അത്തരം ഫാസിസ്റ്റ് നടപടികള്‍ക്കെതിരെയാണ് ജനം അന്നത്തെ സര്‍ക്കാരിനെ പരാജയപ്പെടുത്തിയത് എന്ന തിരിച്ചറിവ് ഇപ്പോഴത്തെ ഭരണാധികാരികള്‍ക്ക് ഉണ്ടാകണമെന്നും സജീദ് ഖാലിദ് ഓര്‍മ്മിപ്പിച്ചു.

Content Highlight: Turning a cat’s naked body into his own: V.D. Satheesan misleading public over teacher’s suspension