പെരിങ്ങോട്ടുകര ദേവസ്ഥാനത്തെ പീഡനക്കേസില്‍ വഴിത്തിരിവ്; നടന്നത് ഹണി ട്രാപ്പെന്ന് പൊലീസ്, 5 പേര്‍ അറസ്റ്റില്‍
India
പെരിങ്ങോട്ടുകര ദേവസ്ഥാനത്തെ പീഡനക്കേസില്‍ വഴിത്തിരിവ്; നടന്നത് ഹണി ട്രാപ്പെന്ന് പൊലീസ്, 5 പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th August 2025, 7:40 am

തൃശൂര്‍: പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് പൂജയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. സംഭവിച്ചത് ഹണി ട്രാപ്പാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ദേവസ്ഥാനം മാനേജിങ് ട്രസ്റ്റി ഉണ്ണി ദാമോദരന്റെ ബന്ധുവായ ടി. എ. അരുണിനെ ഹണി ട്രാപ്പില്‍ കുടുക്കിയതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

നേരത്തേ പൊലീസ് അറസ്റ്റ് ചെയ്ത അരുണിനെ ജാമ്യത്തില്‍ വിട്ടിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാളെ ഹണി ട്രാപ്പില്‍ അകപ്പെടുത്തിയതാണെന്ന് വ്യക്തമായത്.

കേസില്‍ ബെംഗളൂരു സ്വദേശിനിയായ മസാജ് പാര്‍ലര്‍ ജീവനക്കാരി രത്‌ന ഉള്‍പ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാനസവാടി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രത്‌നയുടെ സഹായിയായ മോണിക്ക, പാലക്കാട് സ്വദേശിയും ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തിപ്പുകാരനുമായ ശരത് മേനോന്‍, ഇയാളുടെ സഹായി സജിത്ത്, ആലം എന്നിവരെയാണ് ബാനസവാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് തങ്ങളുടെ ബന്ധു ഇവരെ വച്ച് അരുണിനെ കുടുക്കിയതെന്ന് മാനേജിങ് ട്രസ്റ്റി ആരോപിച്ചു.

ജൂണ്‍ 16ന് രത്‌ന നല്‍കിയ പീഡന പരാതിക്ക് പിന്നാലെ ബെംഗളൂരു പൊലീസ് അരുണിനെ അറസ്റ്റ് ചെയ്തിരുന്നു. ദേവസ്ഥാനത്തിന് സമീപത്തെ മുറിയില്‍ വെച്ച് അരുണ്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

ഇതിന് തെളിവായി ഫോണ്‍ സംഭാഷണങ്ങളും വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും രത്‌ന പൊലീസിന് കൈമാറിയിരുന്നു.

ഇതിനു പിന്നാലെ, അരുണിനെ ആസൂത്രിതമായി ഹണി ട്രാപ്പില്‍ കുടുക്കിയതാണെന്ന പരാതിയുമായി കുടുംബം കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയ്ക്ക് പരാതി നല്‍കി. കേസില്‍ നിന്ന് ഒഴിവാക്കാന്‍ ബെംഗളൂരു പൊലീസ് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നും പരാതിയില്‍ വ്യക്തമാക്കി.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണു ശരത് മേനോനും കൂട്ടാളികളും ചേര്‍ന്ന് രത്‌നയെ ഉപയോഗിച്ച് അരുണിനെ കുടുക്കിയതാണെന്ന് തിരിച്ചറിഞ്ഞത്.

ഇയാളെ കുടുക്കാനായി തനിക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെങ്കിലും 8 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്ന് രത്‌ന മൊഴി നല്‍കിയിട്ടുണ്ട്.

ബന്ധുവായ കെ. വി. പ്രവീണ്‍ ആണ് തങ്ങളെ കുടുക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് ഉണ്ണി ദാമോദരനും മകള്‍ ഉണ്ണിമായയും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഉണ്ണി ദാമോദരന്റെ അധികാരം ചോദ്യം ചെയ്ത് സഹോദരങ്ങളും മക്കളും നല്‍കിയ പരാതികള്‍ കോടതിയില്‍ ഉണ്ട്. സഹോദരങ്ങള്‍ക്കെതിരെ വധശ്രമത്തിനും അന്തിക്കാട് പൊലീസില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

 

Content Highlight: Turnaround in the Peringottukara Devasthanam rape case; Police say it was a honey trap, 5 people arrested