ഇസ്താംബുള്‍: ഇറാന് സമീപത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിന് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അനുമതി ലഭിച്ചതായി തുര്‍ക്കി അറിയിച്ചു. കപ്പലിന് മുന്നോട്ട് പോകാന്‍ ഇറാന്‍ അനുമതി നല്‍കിയതായും കപ്പല്‍ ഹോര്‍മുസ് കടന്നതായും തുര്‍ക്കി ഗതാഗത അടിസ്ഥാന വികസനകാര്യം മന്ത്രി അബ്ദുല്‍ ഖാദര്‍ ഉറലോഗ്‌ലു പറഞ്ഞു.
റോസാന എന്ന കപ്പലാണ് ഹോര്‍മുസ് വഴി കടന്നുപോയതെന്ന് തുര്‍ക്കി മന്ത്രാലയം അറിയിച്ചു. തുര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള കപ്പലുകളിലായി 171 പേരാണ് ഇറാന്റെ സമീപ പ്രദേശങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.
15 കപ്പലുകളാണ് ഹോര്‍മുസ് കടലിടുക്കിന് സമീപത്തായി കാത്തുകിടന്നിരുന്നത്. ഇവയ്ക്ക് ഉയര്‍ന്ന സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അനുമതിക്കായി കാത്തിരിക്കുന്ന 14 കപ്പലുകളുടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി ഇറാനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തുര്‍ക്കി മന്ത്രി പറഞ്ഞു.
‘തുര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള പതിനഞ്ച് കപ്പലുകള്‍ അവിടെ ഉണ്ടായിരുന്നു. ഇറാനിയന്‍ തുറമുഖം ഉപയോഗിച്ചിരുന്ന അവയിലൊന്ന് ഇറാനിയന്‍ അധികൃതരുടെ അനുമതി ലഭിച്ചതോടെ കടന്നുപോയി’, ഉറലോഗ്‌ലു അറിയിച്ചു.
ഫെബ്രുവരി 28ന് യു.എസും ഇസ്രഈലും ആക്രമണം ആരംഭിച്ചതോടെയാണ് ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാന്‍ നിര്‍ബന്ധിതരായത്. യു.എസിന്റെയും സഖ്യകക്ഷികളുടെയും കപ്പലുകളും എണ്ണ ടാങ്കറുകളും മാത്രമേ തടയൂവെന്ന് ഇറാന്‍ വിശദമാക്കിയിരുന്നു.
കഴിഞ്ഞദിവസം ഇന്ത്യയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്കും ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇറാന്‍ അനുമതി നല്‍കിയിരുന്നു.