പട്ടിണികിടക്കുന്ന ഫലസ്തീന്‍ കുഞ്ഞിന്റെ ചിത്രം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഉയര്‍ത്തിക്കാട്ടി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍
World
പട്ടിണികിടക്കുന്ന ഫലസ്തീന്‍ കുഞ്ഞിന്റെ ചിത്രം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഉയര്‍ത്തിക്കാട്ടി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th September 2025, 7:18 pm

ന്യൂയോര്‍ക്ക്: പട്ടിണികിടക്കുന്ന ഫലസ്തീന്‍ കുഞ്ഞിന്റെ ചിത്രം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഉയര്‍ത്തിക്കാട്ടി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍. ഏത് തരം മനുഷ്യ മനസാക്ഷിക്കാണ് ഈ ക്രൂരതയെ പിന്തുണയ്ക്കാന്‍ സാധിക്കുകയെന്നും ലോകത്ത് കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കുന്നത് കണ്ട് ആര്‍ക്കാണ് മിണ്ടാതിരിക്കാന്‍ സാധിക്കുകയെന്നും എര്‍ദോഗാന്‍ യു.എന്നില്‍ പറഞ്ഞു.

ഇസ്രഈലിന്റെ വംശഹത്യയില്‍ കഴിഞ്ഞ 23 മാസത്തിലെ ഓരോ മണിക്കൂറിലും ഒരു കുട്ടി മരിക്കുന്നുവെന്നും ഇത് വെറും സംഖ്യകളല്ലെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മുടെ ഓരോരുത്തരുടെയും മുന്നില്‍ 700 ദിവസത്തിലേറെയായി ഗസയില്‍ വംശഹത്യ നടക്കുന്നു. കഴിഞ്ഞ 23 മാസമായി ഇസ്രഈല്‍ ഓരോ മണിക്കൂറിലും ഒരു കുട്ടിയെ കൊല്ലുന്നു. ഇത് വെറും സംഖ്യകളല്ല, ഓരോരുത്തരും ഓരോ ജീവനാണ്, ഒരു നിരപരാധിയായ വ്യക്തിയാണ് കൊല്ലപ്പെടുന്നത്,’ എര്‍ദോഗാന്‍ കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല യൂറോപ്പിലായാലും അമേരിക്കയിലായാലും കുഞ്ഞിന്റെ വിരലില്‍ ഒരു റോസ് പൂവിന്റെ മുള്ള് കുത്തിയാല്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും വേദനിക്കുമെന്നും, എന്നാല്‍ ഗസയില്‍ കുഞ്ഞുങ്ങളുടെ കാലും കയ്യുമെല്ലാം അനസ്‌ത്യേഷ്യ പോലുമില്ലാതെ ഛേദിക്കപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘നമുക്ക് എല്ലാവര്‍ക്കും മക്കളും പേരക്കുട്ടികളുമുണ്ട്. യൂറോപ്പിലായാലും അമേരിക്കയിലായാലും നമ്മുടെ കുഞ്ഞിന്റെ വിരലില്‍ ഒരു റോസ് പൂവിന്റെ മുള്ള് കുത്തിയാല്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ നമുക്ക് വേദനിക്കും. എന്നാല്‍ ഗസയില്‍ കുഞ്ഞുങ്ങളുടെ കാലും കയ്യുമെല്ലാം അനസ്‌ത്യേഷ്യ പോലുമില്ലാതെയാണ് മുറിക്കപ്പെടുന്നത്. മനുഷ്യത്വത്തിന്റെ ഏറ്റവും ദുര്‍ബലമായ അവസ്ഥയാണിത്,’ എര്‍ദോഗാന്‍ പറഞ്ഞു.

 

Content Highlight: Turkish President Says Israel kills a child every hour