ഇസ്താംബുള്: ഗസയുടെ പുനർനിർമാണത്തിന് ഗള്ഫ് രാജ്യങ്ങളുമായി കൈക്കോര്ക്കുമെന്ന് തുര്ക്കി പ്രസിഡന്റ് റജബ് തയിബ് എര്ദോഗന്. വിഷയത്തില് ഗള്ഫ് രാജ്യങ്ങളുമായി ചര്ച്ച നടത്തും. ഉടനെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗസ പുനനിര്മാണം അനായാസമാകില്ലെന്നും എര്ദോഗന് പറഞ്ഞു.
ഇന്ന് (വെള്ളി) ഗൾഫ് പര്യടനം കഴിഞ്ഞുള്ള മടക്കത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ ടാക്സ് ഫോഴ്സിനെ കുറിച്ചുള്ള ചർച്ചകൾക്കിടെ ഗസയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ തുർക്കി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈലിനുമേൽ കടുത്ത ഉപരോധം ഏർപ്പെടുത്തണമെന്നും ഗസയിലെ വെടിനിർത്തൽ കരാറുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇസ്രഈലിനുമേൽ അന്താരാഷ്ട്ര സമ്മർദം വർദ്ധിപ്പിക്കണമെന്നും തുർക്കി നേതാവ് പറഞ്ഞു.
ഫലസ്തീന്റെ സ്വയം നിർണയത്തെ തുർക്കി എന്നും പിന്തുണയ്ക്കുന്നുവെന്നും ഗസയിലെ മനുഷ്യർക്ക് സമാധാനമായ ഭാവി ഉറപ്പാക്കാൻ ലോകം ഒന്നിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആക്രമണത്തിൽ ഇസ്രഈൽ ഗസയുടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തു. വിപുലമായ പുനർനിർമാണ ശ്രമങ്ങളാണ് അവിടെ ഇനി ആവശ്യമുള്ളത്. നിർമാണ ഉപകരണങ്ങൾ വിന്യസിച്ചുകൊണ്ട് അതിനുള്ള പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കണം. തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള സമഗ്രമായ നടപടികൾ സ്വീകരിക്കും,’ എര്ദോഗന് പറഞ്ഞു.
യൂറോ ഫൈറ്റർ ജെറ്റ് വാങ്ങുന്നതിന് ഖത്തറുമായും ഒമാനുമായും ചർച്ച നടത്തിയെന്നും ഈ അന്താരാഷ്ട്ര പങ്കാളിത്തം തുർക്കിയുടെ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യക്ക് ഉപരോധം ഏർപ്പെടുത്തുന്നതിനായി ഐക്യരാഷ്ട്രസഭയ്ക്കും ലോകനേതാക്കൾക്കും 450 ലേറെ ജൂത പ്രമുഖർ കത്ത് നൽകിയിരുന്നു.
ഇത് ജൂതമതത്തോടുള്ള വഞ്ചനയല്ലെന്നും ഫലസ്തീനികളോടുള്ള തങ്ങളുടെ ഐക്യദാർഢ്യമാണെന്നും കത്തിൽ ഒപ്പുവെച്ചവർ പറഞ്ഞിരുന്നു. വ്യാഴാഴ്‌ച ബ്രസ്സൽസിൽ യൂറോപ്യൻ യൂണിയൻ യോഗം ചേരുന്നതിനിടെയാണ് കത്ത് പ്രസിദ്ധീകരിച്ചിരുന്നത്.
ഗസയിൽ ഇസ്രഈൽ നടത്തിയ വംശഹത്യ മനസാക്ഷിക്ക് നിരക്കാത്ത പ്രവൃത്തിയാണെന്ന് അവർ പറഞ്ഞിരുന്നു. ഇസ്രഈലിനെതിരെ കടുത്ത നടപടി വേണമെന്നും യു. എന്നിനോടും ലോകനേതാക്കളോടും ജൂത പ്രമുഖർ ആവശ്യപ്പെട്ടിരുന്നു.
Content Highlight: Turkey to join hands with Gulf countries for Gaza reconstruction; Gaza Task Force talks