ഇസ്രഈല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് നിയന്ത്രണങ്ങളുമായി തുര്‍ക്കി
Trending
ഇസ്രഈല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് നിയന്ത്രണങ്ങളുമായി തുര്‍ക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st August 2025, 7:47 pm

അങ്കാറ: ഇസ്രഈല്‍ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുര്‍ക്കി. രാജ്യത്തെ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഇസ്രഈല്‍ കപ്പലുകളെയും അനുബന്ധ കപ്പലുകളെയും വിലക്കിയിട്ടുണ്ടെന്ന് തുര്‍ക്കി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഗസയിലെ വംശഹത്യക്കുള്ള ശിക്ഷാ നടപടികളുടെ ഭാഗമായാണ് ഇസ്രഈലിനെതിരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് തുര്‍ക്കിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈലുമായി ബന്ധമില്ലാത്ത കപ്പലുകള്‍ക്ക് ഇനിമുതല്‍ തുര്‍ക്കിയിലെ തുറമുഖങ്ങളില്‍ നങ്കൂരമിടണമെങ്കില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

‘തുര്‍ക്കിയിലെ തുറമുഖങ്ങളിലേക്ക് സൈനികമോ അപകടകരമായതോ ആയ ചരക്കുകള്‍ കൊണ്ടുപോകുന്നില്ല’ എന്നായിരിക്കണം സത്യവാങ്മൂലത്തിലെ ഉള്ളടക്കം.

നിലവില്‍ കപ്പല്‍ ഉടമകള്‍, മാനേജര്‍മാര്‍, ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് തുര്‍ക്കി അധികൃതര്‍ അനൗപചാരികമായി നിര്‍ദേശം നല്‍കാന്‍ തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമായും കപ്പലിനുള്ളില്‍ സ്ഫോടകവസ്തുക്കളും റേഡിയോ ആക്ടീവായ വസ്തുക്കളും ഉണ്ടാകരുതെന്നാണ് നിര്‍ദേശം.

ഇത്യമായല്ല, ഗസയിലെ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രഈലിനെതിരെ തുര്‍ക്കി നടപടിയെടുക്കുന്നത്. നേരത്തെ ഇസ്രഈലുമായുള്ള എട്ട് ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം തുര്‍ക്കി നിര്‍ത്തിവെച്ചിരുന്നു.

ഇതിനുപുറമെ ഇസ്രഈലിനെതിരെ അന്താരാഷ്ട്ര കോടതികളില്‍ ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത വംശഹത്യാ കേസില്‍ തുര്‍ക്കി കക്ഷി ചേരുകയും ചെയ്തിരുന്നു. അതേസമയം തുര്‍ക്കി പതാകയുള്ള കപ്പലുകള്‍ക്ക് ഇസ്രഈല്‍ തുറമുഖങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് പറയുന്നു.

ജൂലൈ 16ന് ബൊളീവിയ, കൊളംബിയ, ക്യൂബ, ഹോണ്ടുറാസ്, മലേഷ്യ, നമീബിയ, സെനഗല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് ചേര്‍ന്ന് ഇസ്രഈലിനെതിരെ നടപടിയെടുക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ബൊഗോട്ടയില്‍ നടന്ന അടിയന്തിര സമ്മേളനത്തില്‍ ഈ എട്ട് രാജ്യങ്ങളും ഉള്‍പ്പെടുന്ന ഹേഗ് ഗ്രൂപ്പ് ഇസ്രഈലിനെതിരെ സംയുക്ത പ്രസ്താവനയിറക്കുകയായിരുന്നു.

പ്രസ്താവനയില്‍ പ്രധാനമായും, ഇസ്രഈലിനെതിരെ ഷിപ്പിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഹേഗ് ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നത്. ഇസ്രഈലിന് അവരുടെ ഉത്തരവാദിത്തങ്ങള്‍ ബോധ്യപ്പെടുത്തുക എന്നതും ബൊഗോട്ട സമ്മേളനത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു.

ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ 30ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. നിലവില്‍ ഹേഗ് ഗ്രൂപ്പ് അവതരിപ്പിച്ച പ്രസ്താവനയിലെ ഉള്ളടക്കം ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യത്തെ രാജ്യമായി തുര്‍ക്കി മാറിയിരിക്കുകയാണ്.

Content Highlight: Turkey imposes restrictions on ships with Israeli ties