ഇസ്താംബുൾ: ഗസ വംശഹത്യ അവസാനിപ്പിക്കാൻ ജർമനിയുടെ ഇടപെടൽ ആവശ്യപ്പെട്ട് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. ഗസ വംശഹത്യയെയും വെടിനിർത്തൽ കരാറിന് ശേഷവും ഗസയിൽ ഇസ്രഈൽ തുടരുന്ന ആക്രമണത്തെയും തുർക്കി പ്രസിഡന്റ് അപലപിച്ചു.
ജർമൻ ചാൻസലർ ഫ്രെഡെറിക് മെർസുമായി വ്യാഴാഴ്ച അങ്കാറയിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.
ഇസ്രഈലിന് ആണവായുധങ്ങൾ ലഭിക്കുന്നുണ്ടെന്നും ഗസയെ ഇല്ലാതാക്കാൻ അവരത് ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ ഹമാസിന്റെ കയ്യിൽ ആണവായുധങ്ങളോ ബോംബുകളോ ഇല്ലെന്നും എർദോഗൻ പറഞ്ഞു. ഗസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രഈൽ കഴിഞ്ഞ ദിവസങ്ങളിലും ആക്രമണം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ജർമനിയുടെ റെഡ് ക്രോസിനെയും തുർക്കിയുടെ റെഡ് ക്രസന്റിനെയും ഉൾപ്പെടുത്തി ഗസയിലെ വംശഹത്യയും മനഃപൂർവമായ പട്ടിണിയും അവസാനിപ്പിക്കേണ്ടതുണ്ട്,’ പ്രസിഡന്റ് പറഞ്ഞു.
ഇതൊന്നും ജർമനി കാണുന്നില്ലേയെന്നും യുദ്ധം അവസാനിപ്പിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും മാനുഷിക കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘റഷ്യ- ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതുപോലെത്തന്നെ ഗസ- ഇസ്രഈൽ യുദ്ധവും അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. യുദ്ധമവസാനിപ്പിക്കുന്നതിന് കൈകോർക്കാൻ കഴിയുന്ന രണ്ട് പ്രധാന രാജ്യങ്ങളാണ് തുർക്കിയും ജർമനിയും,’ എർദോഗാൻ പറഞ്ഞു.
യൂറോപ്യൻ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനും
പദ്ധതികളിലൂടെ യൂറോപ്യൻ മേഖലകളിലുണ്ടാകുന്ന വിതരണ വെല്ലുവിളികൾ പരിഹരിക്കാനും വർദ്ധിച്ചുവരുന്ന വംശീയത, വിദേശീയ വിദ്വേഷം, ഇസ്‌ലാമോഫോബിയ എന്നിവയെ ചെറുക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വെടിനിർത്തൽ കരാറിന് ശേഷവും ഗസയിൽ ഇസ്രഈൽ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ 110 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
Content Highlight: Turkey calls on Germany to intervene to end Gaza genocide